ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ സാധ്യത; സംസ്ഥാനത്ത് അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മഴ

തിരുവനന്തപുരം: മാലിദ്വീപ് മുതല്‍ വടക്കന്‍ മഹാരാഷ്ട്ര തീരം വരെ ന്യൂനമര്‍ദ പാത്തി സ്ഥിതി ചെയ്യുന്നു. ഇതിന്റെ ഫലമായി കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മിതമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇത് കൂടാതെ ബംഗാള്‍ ഉള്‍ക്കടലിലും ന്യൂനമര്‍ദ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വിഭാഗം അറിയിപ്പ്.

നാളെയോടെ തെക്കന്‍ ആന്‍ഡമാന്‍ കടലിനു മുകളില്‍ രൂപപ്പെടുന്ന ചക്രവാതച്ചുഴി നവംബര്‍ ഇരുപത്തിയേഴോടെ ന്യൂനമര്‍ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്. തുടര്‍ന്ന് പടിഞ്ഞാറ് – വടക്ക്പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് നവംബര്‍ ഇരുപത്തിയൊന്‍പതോടെ തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും ആന്‍ഡമാന്‍ കടലിനും മുകളില്‍ തീവ്ര ന്യൂനമര്‍ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ വിഭാഗം അറിയിച്ചു.

അതേസമയം കേരള – കര്‍ണാടക -ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മറ്റന്നാള്‍ തെക്കന്‍ ആന്‍ഡമാന്‍ കടല്‍ അതിനോട് ചേര്‍ന്ന വടക്കന്‍ ആന്‍ഡമാന്‍ കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

Top