കേരളത്തില്‍ അഞ്ച് ദിവസം മിന്നലോടുകൂടിയ മഴ;രണ്ട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മിതമായ/ ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. നവംബര്‍ 22 -24 വരെയുള്ള തീയതികളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കും ഇന്ന് (നവംബര്‍ 22 ) ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തമിഴ്‌നാടിന് മുകളില്‍ കേരളത്തിന് സമീപമായി ചക്രവാതചുഴി സ്ഥിതി ചെയ്യുന്നുണ്ട്.

ഇതിന്റെ സ്വാധീന ഫലമായാണ് കേരളത്തില്‍ അടുത്ത അഞ്ച് ദിവസം മഴ സാധ്യതയുള്ളത്. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യുനമര്‍ദ്ദ സാധ്യതയുണ്ട്. നവംബര്‍ 25 ഓടെ തെക്കന്‍ ആന്‍ഡമാന്‍ കടലിനു മുകളില്‍ രൂപപ്പെടുന്ന ചക്രവാതചുഴി നവംബര്‍ 26 ഓടെ ന്യുനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്. തുടര്‍ന്ന് പടിഞ്ഞാറു വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ച് നവംബര്‍ 27 ഓടെ തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും ആന്‍ഡമാന്‍ കടലിനും മുകളില്‍ തീവ്ര ന്യുനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയെന്നും കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നല്‍കി.

ഏറ്റവും പുതിയ റഡാര്‍ ചിത്രം പ്രകാരം കേരളത്തിലെ തിരുവനന്തപുരം ജില്ലയില്‍ അടുത്ത മൂന്ന് മണിക്കൂറില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മിതമായ മഴക്കും (15.6 -64.4 mm) മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Top