ശക്തി കുറഞ്ഞ് ബിപോര്‍ജോയ്; കേരളത്തിലെ എല്ലാ ജില്ലകളിലും മിതമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ബിപോര്‍ ജോയ് ചുഴലിക്കാറ്റിന് നിലവില്‍ ശക്തി കുറഞ്ഞ് തുടങ്ങിയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഡയറക്ടര്‍ ജനറല്‍ എം മഹോപാത്ര. ദ്വാരകയില്‍ നിന്ന് 280 കിലോമീറ്റര്‍ അകലെയാണ് ചുഴലിക്കാറ്റ് ഇപ്പോഴുള്ളത്. ഈ മാസം 15 ന് സൗരാഷ്ട്ര തീരത്തേക്ക് ചുഴലിക്കാറ്റ് എത്തും.

പിന്നാലെ വളരെ തീവ്ര ചുഴലിക്കാറ്റായി കര തൊടും. 15 വരെ കടലില്‍ മത്സ്യ ബന്ധനത്തിന് പൂര്‍ണ്ണ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. തീരദേശ ഗുജറാത്തില്‍ കനത്ത മഴയും കാറ്റും തുടരും. ചുഴലിക്കാറ്റിനെ നേരിടാന്‍ എല്ലാ സജ്ജീകരണങ്ങളും തയ്യാറാണ്. മുന്നറിയിപ്പ് നല്‍കുന്ന സംവിധാനങ്ങള്‍ എല്ലാം ഇപ്പോള്‍ നിലവിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ദുരന്തനിവാരണത്തിനാണ് പ്രാഥമിക പരിഗണനയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി. ദുരന്തനിവാരണ മേഖലയില്‍ കഴിഞ്ഞ 9 വര്‍ഷത്തിനിടെ ഏറെ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. എന്നാല്‍ ദുരന്തങ്ങളുടെ തീവ്രതയിലും രീതിയിലും മാറ്റം വന്നിട്ടുണ്ട്. അതിനാല്‍ വിപുലമായ ആസൂത്രണം നടത്തണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു.

ചുഴലിക്കാറ്റ് മുന്‍ നിര്‍ത്തി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും ആണവോര്‍ജ്ജ സ്റ്റേഷനുകളുള്ള സംസ്ഥാനങ്ങള്‍ക്ക് അടിയന്തര സാഹചര്യം ഉണ്ടായാല്‍ സ്വീകരിക്കാനുള്ള നടപടികളെക്കുറിച്ച് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

 

Top