മഴ മുന്നറിപ്പ്: ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്; അടുത്ത 5 ദിവസം വ്യാപകമായ മഴയ്ക്കും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പുകളിൽ മാറ്റം. അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ടാണ്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്. കോമറിൻ മേഖലക്ക് മുകളിൽ ചക്രവാതചുഴി നിലനിൽക്കുന്ന സാഹചര്യത്തിൽ കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഈ ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്കും ഇടിക്കും മിന്നലിനും സാധ്യതയുണ്ട്. സെപ്റ്റംബർ 6 മുതൽ 8 വരെയുള്ള തീയതികളിൽ കേരളത്തിൽ ഒറ്റപെട്ട സ്ഥലങ്ങളിൽ അതി ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വിഭാഗം അറിയിച്ചു.

കേരള-ലക്ഷദ്വീപ്-കർണാടക തീരങ്ങളിൽ സെപ്റ്റംബർ 5 മുതൽ 7 വരെ മല്‍സ്യബന്ധനത്തിനു പോകാന്‍ പാടുള്ളതല്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള-ലക്ഷദ്വീപ്-കർണാടക തീരങ്ങളിൽ സെപ്റ്റംബർ 5 മുതൽ 7 വരെ 40 മുതൽ 45 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

Top