മഴ മുന്നറിയിപ്പ്: സംസ്ഥാനത്തെ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. മുന്‍പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്ന മൂന്ന് ജില്ലകളില്‍ അതിശക്ത മഴയുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ഓറഞ്ച് അലേര്‍ട്ട് നല്‍കി. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം ഒഴികെയുള്ള മറ്റ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

മലയോര മേഖലകളില്‍ ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ടതിനാല്‍ ഈ പ്രദേശത്തെ ജനങ്ങള്‍ അധികൃകര്‍ നിര്‍ദേശിക്കുന്നതിനനുസരിച്ച് മാറി താമസിക്കണം. ഇടുക്കി തൊടുപുഴ കുടയത്തൂരില്‍ ഇന്ന് പുലര്‍ച്ചെ ഉരുള്‍ പൊട്ടലുണ്ടായിരുന്നു. ഒരു കുടുംബത്തിലെ അഞ്ച് പേരാണ് ഉരുള്‍ പൊട്ടലില്‍ മരിച്ചത്. കുടയത്തൂര്‍ സംഗമം കവല മാളിയേക്കല്‍ കോളനിയിലാണ് ഉരുള്‍പൊട്ടലുണ്ടായത്. മാളിയേക്കല്‍ കോളനിയിലെ സോമന്‍ എന്നയാളുടെ കുടുംബത്തിലെ അഞ്ചു പേരാണ് മരിച്ചത്. കുടുംബം ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു അപകടം. സോമന്‍, മാതാവ് തങ്കമ്മ, മകള്‍ ഷിമ, ഭാര്യ ഷിജി, ചെറുമകന്‍ ദേവാനന്ദ് എന്നിവരാണ് മരിച്ചത്. സോമന്റെ വീട് പൂര്‍ണമായും ഒലിച്ചുപോയി.

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുന്നതിനിടെ പലയിടത്തും മഴക്കെടുതി രൂക്ഷമാണ്. പത്തനംതിട്ടയിലും കോട്ടയത്തും വ്യാപക മഴ ഇന്നലെ രാത്രി മുതല്‍ തുടരുകയാണ്.

Top