മഴ മുന്നറിയിപ്പ്: കേരളത്തിൽ മഴ കനക്കും; മത്സ്യബന്ധനത്തിനും വിലക്ക്

തിരുവനന്തപുരം: മഴ തുടരുന്ന സാഹചര്യത്തില്‍ എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂര്‍, പാലക്കാട്, വയനാട് എന്നീ ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടും കണ്ണൂരിലും കാസര്‍ഗോഡും യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത അഞ്ചു ദിവസം സംസ്ഥാനത്ത് മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

കേരള – ലക്ഷദ്വീപ് തീരങ്ങളിൽ ഈ മാസം 9 വരെയും, കർണാടക തീരങ്ങളിൽ സെപ്റ്റംബർ 08 മുതൽ 10 വരെയും മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയതായും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കേരള – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നു മുതൽ 9 വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. ,കർണാടക തീരങ്ങളിൽ മറ്റന്നാൾ (സെപ്റ്റംബർ 8) മുതൽ സെപ്തംബർ 10 വരെ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റര്‍ വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതായും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Top