തെക്കന്‍ ശ്രീലങ്കയ്ക്കും സമീപ പ്രദേശത്തുമായി ചക്രവാതച്ചുഴി; സംസ്ഥാനത്ത് രണ്ടു ദിവസം മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്. നവംബര്‍ 30 നും ഡിസംബര്‍ 1 നും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കന്‍ ശ്രീലങ്കയ്ക്കും സമീപ പ്രദേശത്തുമായി ചക്രവാതച്ചുഴി നിലനില്‍ക്കുന്നു. ഇതിന്റെ സ്വാധീന ഫലമായി ആണ് മഴ ലഭിക്കുന്നത്.

തെക്കു കിഴക്കന്‍ അറബിക്കടല്‍ മുതല്‍ വടക്കന്‍ മഹാരാഷ്ട്ര വരെ ഒരു ന്യൂനമര്‍ദപാത്തി നവംബര്‍ 29 മുതല്‍ ഡിസംബര്‍ 1 വരെ സ്ഥിതി ചെയ്യാന്‍ സാധ്യതയെന്നാണ് അറിയിപ്പ്. ഇതിന്റെ സ്വാധീനത്താല്‍ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മിതമായ അല്ലെങ്കില്‍ ഇടത്തരം മഴക്ക് സാധ്യതയുണ്ട്.

തെക്ക് ആന്‍ഡമാന്‍ കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. ഇത് ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ട്. തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളിലായി ശക്തി കൂടിയ ന്യൂനമര്‍ദം സ്ഥിതി ചെയ്യുന്നുണ്ട്. ഇത് പടിഞ്ഞാറ് – വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് നവംബര്‍ മുപ്പതോടെ തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്ര ന്യൂനമര്‍ദമായി ശക്തി പ്രാപിക്കാന്‍ സാധ്യത. തുടര്‍ന്ന് വടക്കു പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുന്ന തീവ്ര ന്യൂനമര്‍ദം ശക്തിപ്രാപിച്ച് അടുത്ത 48 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയെന്നാണ് മുന്നറിയിപ്പ്.

Top