സിഡ്‌നി ടെസ്റ്റ്: മഴ ഓസിസിന്റെ രക്ഷയ്ക്ക് എത്തിയതോ?; നാലാം ദിവസവും കളി വൈകുന്നു

സിഡ്‌നി: സിഡ്‌നിയില്‍ നടക്കുന്ന നാലാമത്തെയും അവസാനത്തെയും ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയയെ തുണച്ച് മഴ. കളിയില്‍ ഇന്ത്യ പിടിമുറുക്കവെയാണ് മഴ ഓസീസിന്റെ രക്ഷയ്‌ക്കെത്തിയത്. നാലാംദിനം മഴ മൂലം ആദ്യ സെഷനില്‍ ഒരോവര്‍ പോലും ബൗള്‍ ചെയ്യാനായില്ല. മൂന്നാം ദിനവും മഴയെത്തുടര്‍ന്നു നേരത്തേ കളി അവസാനിപ്പിക്കേണ്ടിവന്നിരുന്നു.

മൂന്നാംദിനം സ്റ്റംപെടുക്കുമ്പോള്‍ ഓസീസ് ആറു വിക്കറ്റിന് 236 റണ്‍സെന്ന നിലയിലായിരുന്നു. പീറ്റര്‍ ഹാന്‍ഡ്‌സോംബും (28*) പാറ്റ് കമ്മിന്‍സുമാണ് (5*) മൂന്നാംദിനം ക്രീസിലുണ്ടായിരുന്നത്. ഇന്ത്യ ഒന്നാമിന്നിങ്‌സില്‍ ഏഴു വിക്കറ്റിന് 622 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്തിരുന്നു. മാര്‍ക്കസ് ഹാരിസ് (79), ഉസ്മാന്‍ കവാജ (27), മാര്‍നസ് ലബ്യുഷാനെ (38), ഷോണ്‍ മാര്‍ഷ് (8), ട്രാവിസ് ഹെഡ്ഡ് (20), ടിം പെയ്ന്‍ (5) എന്നിവരാണ് പുറത്തായത്. ഓസീസിനായി കുല്‍ദീപ് യാദവ് മൂന്നു വിക്കറ്റെടുത്തപ്പോള്‍ രവീന്ദ്ര ജഡേജ രണ്ടു വിക്കറ്റെടുത്തു.

രണ്ടാംദിനം ചേതേശ്വര്‍ പുജാരയ്ക്കു (193) ഡബിള്‍ സെഞ്ച്വറി ഏഴു റണ്‍സ് അകലെ നഷ്ടമായെങ്കിലും യുവതാരം റിഷഭ് പന്ത് (159*) മിന്നുന്ന സെഞ്ച്വറിയുമായി ഇന്ത്യന്‍ സ്‌കോര്‍ 600 കടത്തി. 189 പന്തുകളില്‍ 15 ബൗണ്ടറികളും ഒരു സിക്‌സറുമുള്‍പ്പെട്ടതാണ് പന്തിന്റെ ഇന്നിങ്‌സ്. 81 റണ്‍സെടുത്ത് രവീന്ദ്ര ജഡേജ പുറത്തായതിനു പിന്നാലെയാണ് ഇന്ത്യ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തത്. നാലു വിക്കറ്റെടുത്ത നതാന്‍ ലിയോണാണ് ഓസീസ് ബൗളര്‍മാരില്‍ മികച്ചുനിന്നത്. ജോഷ് ഹാസ്ല്‌വുഡിന് രണ്ടു വിക്കറ്റ് ലഭിച്ചു.

Top