പെരുമഴയ്ക്ക് ശമനം; വിവിധ ജില്ലകളില്‍ പ്രഖ്യാപിച്ച റെഡ് അലര്‍ട്ട് പിന്‍വലിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ദിവസങ്ങളായി പെയ്ത പെരുമഴയ്ക്ക് ശമനം. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ പ്രഖ്യാപിച്ച റെഡ് അലേര്‍ട്ട് പിന്‍വലിച്ചു. കടല്‍ പ്രക്ഷുബ്ധമായതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന മുന്നറിയിപ്പ് തുടരുന്നുണ്ട്.

കനത്ത മഴയെ തുടര്‍ന്ന് ഈ മാസം 24 വരെ പ്രഖ്യാപിച്ച റെഡ് അലര്‍ട്ടാണ് പിന്‍വലിച്ചത്. റെഡ് അലര്‍ട്ട് പിന്‍വലിച്ചതിന് പിന്നാലെ കണ്ണൂര്‍, കാസര്‍കോട്,കോഴിക്കോട് ജില്ലകളില്‍ 23ാം തിയതി (ഇന്ന്) ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

മഴ കുറഞ്ഞെങ്കിലും കടല്‍ക്ഷോഭം രൂക്ഷമായി തുടരുകയാണ്. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. 3.3 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയുണ്ടാകും. കടല്‍ പ്രക്ഷുബ്ധമായതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കടലാക്രമണം രൂക്ഷമായതിനാല്‍ കര്‍ക്കിടകവാവിന് ശംഖുമുഖത്ത് ജില്ലാഭരണകൂടം നിയന്ത്രണം ഏര്‍പ്പെടുത്തി. ബലിതര്‍പ്പണത്തിനായി മറ്റ് സ്‌നാനഘട്ടങ്ങള്‍ തെരഞ്ഞെടുക്കണമെന്ന് ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണന്‍ നിര്‍ദേശിച്ചു.

കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകള്‍

ജൂലൈ 23- മലപ്പുറം
ജൂലൈ 24- കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്
ജൂലൈ 25- കണ്ണൂര്‍, കാസര്‍കോട്
ജൂലൈ 26- കാസര്‍കോട്

Top