കനത്ത മഴ; ജില്ലാ കളക്ടര്‍മാര്‍ക്ക് പ്രത്യേക നിര്‍ദേശം നല്‍കി ദുരന്ത നിവാരണ അതോറിറ്റി

തിരുവനന്തപുരം; ശക്തമായ മഴ തുടരുന്നതിന്റെ പശ്ചാത്തലത്തില്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് പ്രത്യേക നിര്‍ദേശം നല്‍കി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി. കേരളത്തില്‍ വാസയോഗ്യമല്ലാത്ത പ്രദേശങ്ങളിലും വീടുകളിലും താമസിക്കുന്നവര്‍ എന്ന് ജിഎസ്ഐ കണ്ടെത്തിയ കുടുംബങ്ങളെ അതാത് വില്ലേജുകളില്‍ ഒരുക്കിയ ക്യാമ്പുകളിലേക്ക് മാറ്റേണ്ടതാണെന്നും വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കേണ്ടതാണെന്നും ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദേശത്തില്‍ പറയുന്നു.

താലൂക്ക് കണ്‍ട്രോള്‍ റൂമുകളും ജില്ലാ കണ്‍ട്രോള്‍ റൂമുകളും 24*7 മണിക്കൂറും പ്രവര്‍ത്തിക്കുന്നു എന്ന് ഉറപ്പാക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നുണ്ട്.

അതേസമയം ഇന്ന് കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ റെഡ് അലേട്ട് പ്രഖ്യാപിച്ചു. ഇടുക്കിയില്‍ നാളെയും അലേട്ട് തുടരും. ആലപ്പുഴ, എറണാകുളം ജില്ലകളില്‍ ഇന്ന് തീവ്ര മഴയുടെ മുന്നറിയിപ്പായ ഓറഞ്ച് അലര്‍ട്ടും മറ്റു ജില്ലകളിലെല്ലാം ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാല്‍ യെല്ലോ അലേട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

കടലില്‍ ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാല്‍ അറബിക്കടലിന്റെ തെക്കു പടിഞ്ഞാറു ഭാഗത്തും വടക്കും മധ്യഭാഗത്തും മാലിദ്വീപ് ഭാഗങ്ങളിലും മല്‍സ്യബന്ധനത്തിനു പോകരുതെന്നും മുന്നറിയിപ്പുണ്ട്.

Top