സംസ്ഥാനത്ത് വരുംദിവസങ്ങളിലും മഴയ്ക്ക് സാധ്യത, യെല്ലോ അലര്‍ട്ട് 

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി കേരളത്തിൽ വരുംദിവസങ്ങളിൽ ഒറ്റപ്പെട്ട സാധാരണ മഴയ്ക്ക് സാധ്യത. വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുന്ന ന്യൂനമർദ്ദം വരും മണിക്കൂറുകളിൽ ശ്രീലങ്ക വഴി കോമോറിൻ തീരത്തേക്ക് നീങ്ങാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഇതിന്റെ സ്വാധീനഫലമായി തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ തിങ്കളാഴ്ച ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളിൽ ഡിസംബർ 26ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി തമിഴ്‌നാട്ടിലും വരും ദിവസങ്ങളിൽ മഴ ലഭിക്കുമെന്നാണ് പ്രവചനം. ഞായർ, തിങ്കൾ ദിവസങ്ങളിൽ തമിഴ്‌നാട്ടിൽ മഴ ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ. തമിഴ്‌നാടിന്റെ തെക്കൻ കടലോര പ്രദേശങ്ങളിൽ ശക്തമായ മഴ ലഭിക്കാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കാനും മുന്നറിയിപ്പിൽ പറയുന്നു.

Top