ന്യൂനമർദ്ദം ശക്തിപ്രാപിക്കാൻ സാധ്യത; എട്ടു ജില്ലകളിൽ ജാഗ്രതാനിർദേശം

കൊച്ചി: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി ഇന്നുമുതൽ കേരളത്തിൽ പരക്കെ മഴയ്ക്ക് സാധ്യത. ജാഗ്രതയുടെ ഭാഗമായി ഇന്ന് എട്ടുജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ജാഗ്രതാനിർദേശം നൽകിയത്.

തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ശ്രീലങ്കൻ തീരത്തോട് ചേർന്ന് നിലക്കൊള്ളുന്ന ന്യൂനമർദ്ദം ഇന്ന് ശക്തിപ്രാപിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. നവംബർ 12 രാവിലെ വരെ വടക്ക് പടിഞ്ഞാറൻ ദിശയിൽ സഞ്ചരിച്ചു തമിഴ്‌നാട് – പുതുച്ചേരി തീരത്തേക്ക് നീങ്ങുകയും തുടർന്ന് നവംബർ 12 , 13 തീയതികളിൽ പടിഞ്ഞാറ് -വടക്കു പടിഞ്ഞാറ് ദിശയിൽ തമിഴ്‌നാട് – പുതുച്ചേരി, കേരളം എന്നി പ്രദേശങ്ങളിലൂടെ സഞ്ചരിക്കാൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇതിന്റെ സ്വാധീനഫലമായി ശനിയാഴ്ച ഇടുക്കിയിൽ തീവ്രമഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ശക്തമായ മഴയാണ് പ്രവചിക്കുന്നത്.

ഞായറാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും തിങ്കളാഴ്ച ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Top