ശക്തമായ കാറ്റും ആലിപ്പഴം പെയ്ത്തുമായി ദുബായിൽ മഴ; ഷാർജയിൽ പാർക്കുകൾ അടച്ചു

ദുബായ് : അതിശക്തമായ കാറ്റും ആലിപ്പഴം പെയ്ത്തുമായി ദുബായിൽ തകർപ്പൻ മഴ. ഹുങ്കാര ശബ്ദത്തോടെ വീശിയടിച്ച കാറ്റിൽ കടകളുടെ ബ്രാൻഡ് ബോർഡുകളും ഫ്ലാറ്റുകൾക്ക് മുകളിൽ സ്ഥാപിച്ചിരുന്ന ഡിഷ് ആന്റിനകളും അടക്കം പറന്നു പോയി. മരങ്ങൾ കടപുഴകി. ജനങ്ങൾക്ക് പുറത്തിറങ്ങാൻ പറ്റാത്ത വിധമാണ് കാറ്റടിച്ചത്.

കാറ്റിന്റെ ശക്തിയിൽ ഏതാനും മിനിറ്റു നേരം വെളുത്ത പുകയിൽകാഴ്ചയും മറഞ്ഞു. ജനലുകളും വാതിലുകളും തുറക്കാനാവാത്ത വിധം കാറ്റ് വീശി. ഈ സമയം ആലിപ്പഴത്തിന്റെ അകമ്പടിയോടെ മഴ തകർത്തു പെയ്തു. അടുത്തയിടെ ഉണ്ടായതിൽ ഏറ്റവും ശക്തമായ പൊടിക്കാറ്റാണ് ഇന്നലെ വീശിയടിച്ചത്. വൈകുന്നേരത്തോടെ താപനിലയിൽ കുറവുണ്ടായി. കരാമ, കുദ്ര, ബർഷ, ഊദ്മേത്ത, ദുബായ് ഹിൽസ്, അൽഖൂസ്, എമിേററ്റ്സ് റോഡ് എന്നിവിടങ്ങളിൽ ശക്തമായ മഴയുണ്ടായതായി ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

മൂന്നേമുക്കാലോടെയാണ് മഴ തുടങ്ങിയത്. ഉച്ച മുതൽ അന്തരീക്ഷം മേഘാവ്യതമായിരുന്നു. ജബൽ അലി റോഡിൽ വ്യാപകമായി ആലിപ്പഴം പെയ്തു. അൽ മർമും മേഖലയിൽ വെള്ളക്കെട്ടുമുണ്ടായി. ഷാർജയിലും സമാനമായിരുന്ന സ്ഥിതി. പ്രധാന റോഡുകളിലെല്ലാം ഗതാഗത മുന്നറിയിപ്പ് ബോർഡുകൾ തെളിഞ്ഞു. വെള്ളക്കെട്ടുകളിൽ വാഹനങ്ങൾ തെന്നി നീങ്ങിയെങ്കിലും കാര്യമായ അപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. കറാമ പാർക്കിൽ വലിയ മരങ്ങൾ കടപുഴകി, പറന്നു പോയ ഇരുമ്പ് ബോർഡുകളും മറ്റും നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്കു മേൽ പതിച്ച് വാഹനങ്ങൾക്ക് നാശമുണ്ടായി.

കനത്ത മഴയും കൊടുങ്കാറ്റും അസ്ഥിര കാലാവസ്ഥയും കണക്കിലെടുത്ത് ഷാർജയിലെ പൊതു പാർക്കുകൾ താൽക്കാലികമായി അടയ്ക്കാൻ മുനിസിപ്പാലിറ്റി തീരുമാനിച്ചു. മഴ ഭീഷണി ഒഴിഞ്ഞ ശേഷമേ പാർക്കുകൾ തുറക്കു. പൊതു സുരക്ഷ കണക്കിലെടുത്താണ് തീരുമാനം. നിർമാണ മേഖലയിലെ ജീവനക്കാർക്ക് സുരക്ഷയൊരുക്കാൻ എൻജിനീയർമാർക്കും കരാറുകാർക്കും മുനിസിപ്പാലിറ്റി നിർദേശം നൽകി. വാഹന യാത്രക്കാർ ട്രാഫിക് സിഗ്നലുകൾ പാലിക്കണം. മുന്നിലുള്ള വാഹനവുമായി സുരക്ഷിത അകലം പാലിച്ചു മാത്രമേ യാത്ര ചെയ്യാവു. ഏതു സാഹചര്യത്തെയും നേരിടാൻ ദുരന്ത നിവാരണ സംഘം തയാറാണ്. 993 എന്ന നമ്പരിൽ പൊതുജനങ്ങൾക്ക് സഹായം ആവശ്യപ്പെടാമെന്നും മുനിസിപ്പാലിറ്റി അറിയിച്ചു.

Top