മഴക്കെടുതിയില്‍ പെട്ടവര്‍ക്ക് ആശ്വാസമായി എ ബി സി കാര്‍ഗോ

റിയാദ്: മഴക്കെടുതിയില്‍ സര്‍വ്വതും നഷ്ടപ്പെട്ടവര്‍ക്ക് ആശ്വാസവുമായി ഗള്‍ഫിലെ എ ബി സി കാര്‍ഗോ ആരംഭിച്ച സംരംഭത്തിന്
മികച്ച പ്രതികരണം. വിവിധ കൂട്ടായ്മകളുടെയും വ്യക്തികളുടെയും വക ടണ്‍ കണക്കിന് ഉല്‍പന്നങ്ങളാണ് തികച്ചും സൗജന്യമായി എ.ബി.സി കാര്‍ഗോ കേരളത്തില്‍ എത്തിക്കുന്നത്.

പ്രളയം തകര്‍ത്ത കേരളത്തിലെ ജനതയ്ക്ക് തുണയായി മാറാന്‍ എ.ബി.സി കാര്‍ഗോ പ്രഖ്യാപിച്ച പദ്ധതി പ്രവാസി സമൂഹം ഏറ്റെടുക്കുകയായിരുന്നു. ജീവകാരുണ്യ ഉല്‍പന്നങ്ങളും മറ്റും സൗജന്യമായി നാട്ടിലെത്തിക്കുമെന്ന പ്രഖ്യാപനത്തിന് വ്യാപക പിന്തുണയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. കേരളം ഒറ്റയ്ക്കല്ലെന്ന് പ്രവാസികള്‍ തെളിയിച്ചിരിക്കുകയാണെന്ന്
എബിസി കാര്‍ഗോ മാനേജിങ് ഡയറക്ടര്‍ ഡോക്ടര്‍ ശരീഫ് അബ്ദുല്‍ ഖാദര്‍ അറിയിച്ചു.

തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളങ്ങളിലേക്കാണ് ലഭ്യമായ ഉല്‍പന്നങ്ങള്‍ അയച്ചു കൊണ്ടിരിക്കുന്നതെന്ന്
എ.ബി.സി കാര്‍ഗോ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി. പ്രവാസികള്‍ സ്വന്തം നിലയ്ക്കും, സംഘടന മുഖേനയും കൈമാറുന്ന ഉല്‍പന്നങ്ങള്‍ എ ബി സി കാര്‍ഗോയുടെ ജി സി സി യിലെ എല്ലാ ബ്രാഞ്ചുകള്‍ മുഖേനയും ഏറ്റെടുത്താണ് നാട്ടിലേക്ക് വിടുന്നത്. ദുരിതം അനുഭവിക്കുന്നവര്‍ക്കും കഷ്ടപ്പെടുന്നവര്‍ക്കും ഒപ്പം കൈത്താങ്ങായി നിലകൊള്ളാന്‍ നിരവധി പേരാണ് ഉല്‍പന്നങ്ങളുമായി എ ബി സി കാര്‍ഗോ ഗ്രൂപ്പിന്റെ വിവിധ ബ്രാഞ്ചുകളില്‍ എത്തികൊണ്ടിരിക്കുന്നത്. പ്രവാസ ലോകത്തെ ഒട്ടേറെ സംഘടനകളും സ്ഥാപനങ്ങളുമാണ് പദ്ധതിയുടെ ഭാഗമായി മാറിയിരിക്കുന്നത്.

Top