മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 4 ലക്ഷം വീതം സര്‍ക്കാര്‍ ധനസഹായം; തിരച്ചില്‍ തുടരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. നാലുലക്ഷം രൂപവീതമാണ് മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് സഹായമായി നല്‍കുക. കുടുംബങ്ങള്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്നും റവന്യൂമന്ത്രി കെ രാജന്‍ പറഞ്ഞു.

അതേസമയം, കൂട്ടിക്കല്‍ ഉരുള്‍പൊട്ടലില്‍ 10 മരണം സ്ഥിരീകരിച്ചു. ഒഴുക്കില്‍പെട്ട് രണ്ടുമരണവും. ഒന്‍പതുമൃതദേഹങ്ങള്‍ ഇന്ന് കണ്ടെടുത്തു. ഉരുള്‍പൊട്ടലില്‍ മരിച്ചവര്‍: കാവാലി ഒട്ടലാങ്കല്‍ മാര്‍ട്ടിന്‍ (47), പ്ലാപ്പള്ളിയില്‍ കാണാതായ റോഷ്നി (48), സരസമ്മ മോഹനന്‍ (57), സോണിയ (46), മകന്‍ അലന്‍ (14) ആണ്. കണ്ടെത്താനുള്ളത് രണ്ടുപേരെയാണ്. ഷാലറ്റ്, കുവപ്പള്ളിയില്‍ രാജമ്മ എന്നിവരും മരിച്ചതും ഒഴുക്കില്‍പെട്ടാണ്.

നേരത്തെ, കേരളത്തിന് ആവശ്യമായ സഹായങ്ങള്‍ എല്ലാം നല്‍കുമെന്ന് കേന്ദ്രമന്ത്രി അമിത്ഷായും അറിയിച്ചു. നിലവില്‍ കേരളത്തിലെ സാഹചര്യം നിരീക്ഷിച്ചുവരികയാണ്. ആവശ്യമെങ്കില്‍ കൂടുതല്‍ എന്‍ഡിആര്‍എഫ് സംഘത്തെയും എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

സംസ്ഥാനത്താകെ 105 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. ആവശ്യം വന്നാല്‍ കൂടുതല്‍ ക്യാംപുകള്‍ അതിവേഗം തുടങ്ങാന്‍ സജ്ജീകരണമൊരുക്കിയിട്ടുമുണ്ടെന്ന് മുഖ്യമന്ത്രിയും അറിയിച്ചിരുന്നു.

ദേശീയ ദുരന്ത പ്രതികരണ സേനയുടെ ഓരോ ടീമുകളെ പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ വിന്യസിച്ചിട്ടുണ്ട്. ഒപ്പം 5 ടീമിനെക്കൂടി ഇടുക്കി, കോട്ടയം, കൊല്ലം, കണ്ണൂരും, പാലക്കാട് ജില്ലകളില്‍ വിന്യസിക്കാനായി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഇന്ത്യന്‍ ആര്‍മിയുടെ ഒരു ടീമിനെ തിരുവനന്തപുരത്തും ഒന്ന് കോട്ടയത്തും വിന്യസിച്ചിട്ടുണ്ട്. ഡിഫെന്‍സ് സെക്യൂരിറ്റി കോര്‍പ്‌സിന്റെ ടീമുകള്‍ ഓരോന്ന് വീതം കോഴിക്കോടും വയനാടും വിന്യസിച്ചിട്ടുണ്ട്.എയര്‍ഫോഴ്‌സ്‌നേയും നേവിയെയും അടിയന്തിര സാഹചര്യം നേരിടാന്‍ സജ്ജരായിരിക്കാന്‍ നിര്‍ദ്ദേശം നല്‍കി. സന്നദ്ധസേനയും സിവില്‍ ഡിഫെന്‍സും അടിയന്തര സാഹചര്യങ്ങള്‍ അഭിമുഖീകരിക്കാന്‍ സജ്ജമായെന്നും സര്‍ക്കാര്‍ അറിയിച്ചു.

Top