മഴ കനക്കുന്നു: എറണാകുളം വെള്ളത്തില്‍, ദുരിതാശ്വാസ ക്യമ്പുകള്‍ തുറന്നു

കൊച്ചി: എറണാകുളത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ നഗരത്തിലെ പലയിടങ്ങളും വെള്ളത്തിനടിയില്‍. ഇതോടെ എറണാകുളത്ത് ദുരിതാശ്വാസ ക്യമ്പുകള്‍ തുറന്നു.

കണയന്നൂര്‍ താലൂക്കില്‍ പനമ്പിള്ളി നഗര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലും പുന്നുരുന്നി സെന്റ് റീത്താസ് സ്‌ക്കൂളിലും കൊച്ചി താലൂക്കില്‍ നായരമ്പലം ദേവിവിലാസം എല്‍.പി സ്‌കൂളിലും പനയപ്പള്ളി ഗവ. ഹൈസ്‌ക്കൂളിലും ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്.

പനമ്പിള്ളി നഗറില്‍ 30 കുടുംബങ്ങള്‍, പുന്നുരുന്നിയില്‍ 10 കുടുംബങ്ങള്‍, നായരമ്പലത്ത് 12 കുടുംബങ്ങളും പനയപ്പള്ളിയില്‍ 10 കുടുംബങ്ങളും ക്യാമ്പിലാണ്.

കനത്ത മഴയെ തുടര്‍ന്ന് എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലെ റെയില്‍വേ ട്രാക്കുകളില്‍ വെള്ളംകയറിയതിനാല്‍ ട്രെയിന്‍ സര്‍വീസുകളും തടസപ്പെട്ടു. എറണാകുളം-ആലപ്പുഴ പാസഞ്ചര്‍ റദ്ദാക്കി. എറണാകുളം-നിസാമുദ്ദീന്‍ മംഗള എക്‌സ്പ്രസ് (12617) രണ്ട് മണിക്കൂറോളം വൈകി ഉച്ചയ്ക്ക് ഒരു മണിക്ക് മാത്രമേ എറണാകുളത്ത് നിന്ന് യാത്രതിരിക്കുകയുള്ളൂ. എറണാകുളം-ബെംഗളൂരു ഇന്റര്‍സിറ്റി എക്‌സ്പ്രസ് (12678) രാവിലെ 11.30-ന് പുറപ്പെടും.

അതേസമയം കനത്ത മഴ തുടരുന്നതിനാല്‍ എറണാകുളത്തെ സാഹചര്യങ്ങള്‍ നിരീക്ഷിച്ചുവരികയാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ പറഞ്ഞു. എന്നാല്‍ നിലവില്‍ ഒരു മണ്ഡലത്തിലും വോട്ടെടുപ്പ് മാറ്റിവയ്‌ക്കേണ്ട സാഹചര്യമില്ലെന്നും ജില്ലാ കളക്ടറോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

നിലവില്‍ വോട്ടെടുപ്പ് മാറ്റിവെയ്ക്കാന്‍ തീരുമാനമില്ലെന്ന് ജില്ലാ കളക്ടര്‍ എസ്.സുഹാസ് പ്രതികരിച്ചു. പ്രശ്നങ്ങള്‍ നേരിടുന്ന ബൂത്തുകളിലും പ്രദേശങ്ങളിലും സാധ്യമായതെല്ലാം ചെയ്തിട്ടുണ്ടെന്നും നിരീക്ഷകരോട് വിവരങ്ങള്‍ ആരാഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Top