മഴ ദുരന്തം; കുസാറ്റില്‍ ടെക് ഫെസ്റ്റിനിടെ മഴ പെയ്തു; തിക്കിലും, തിരക്കിലും പെട്ട് നാല് പേര്‍ മരിച്ചു

കൊച്ചി: കുസാറ്റില്‍ ടെക് ഫെസ്റ്റിനിടെ തിക്കിലും, തിരക്കിലും പെട്ട് നാല് പേര്‍ മരിച്ചു, 46 പേര്‍ക്ക് പരിക്കേറ്റു. തിരക്കില്‍പ്പെട്ട് കുഴഞ്ഞുവീണാണ് ഭൂരിഭാഗം പേര്‍ക്കും പരിക്കേറ്റതെന്നാണ് സംഭവ സ്ഥലത്ത് നിന്ന് ലഭിക്കുന്ന വിവരം. ടെക് ഫെസ്റ്റിന്റെ ഭാഗമായി പ്രശസ്ത ഗായിക ധ്വനി ബാനുഷലിയുടെ ഗാനമേള നടന്നുകൊണ്ടിരിക്കെയാണ് അപകടം ഉണ്ടായത്.

കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുടെ ടെക് ഫെസ്റ്റിന്റെ സമാപന ദിവസമായിരുന്നു ഇന്ന്. പരിപാടി നടന്ന ഓഡിറ്റോറിയത്തില്‍ നിരവധി വിദ്യാര്‍ത്ഥികളുണ്ടായിരുന്നു. നൃത്തം ചെയ്ത് ആഘോഷമായി വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ പരിപാടി ആസ്വദിക്കുന്നതിനിടെ മഴ പെയ്തു. ഇതോടെ ഓഡിറ്റോറിയത്തിന് പുറത്തുണ്ടായിരുന്നവര്‍ അകത്തേക്ക് തള്ളികയറി. സര്‍വകലാശാലയിലെ ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി നടന്നത്. പരിക്കേറ്റവരെ തൊട്ടടുത്ത കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും നാല് പേര്‍ മരിച്ചെന്നാണ് ലഭിക്കുന്ന വിവരം. പരിക്കേറ്റവരെല്ലാം വിദ്യാര്‍ത്ഥികളാണെന്നാണ് കരുതുന്നത്.

എന്നാല്‍ പൊതുജനങ്ങള്‍ക്കടക്കം ആര്‍ക്കും ഏത് സമയത്തും വരാവുന്ന പ്രദേശമാണ് ഇവിടം. രണ്ട് ദിവസത്തെ ടെക് ഫെസ്റ്റിന്റെ സമാപന ദിവസമായിരുന്നു ഇന്ന്. ബോളിവുഡ് ഗായിക ധ്വനി ബാനുഷലിയുടെ ഗാനമേളക്കായി നിരവധി പേരാണ് ക്യാംപസിലേക്ക് എത്തിയിരുന്നത്. മരിച്ചവരുടെ പേര് വിവരം ലഭ്യമായിട്ടില്ല. ഇവരെ മരിച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചതെന്നാണ് മെഡിക്കല്‍ കോളേജില്‍ നിന്നും ലഭിക്കുന്ന വിവരം.

Top