കുസാറ്റിലെ മഴ ദുരന്തം; മരിച്ചത് 2 പെണ്‍കുട്ടികളും 2 ആണ്‍കുട്ടികളും, 10 പേര്‍ ഗുരുതരാവസ്ഥയില്‍

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ നടന്ന മഴ ദുരിതത്തിന്റെ നടുക്കുന്ന വിവരങ്ങള്‍ പുറത്ത്. ടെക് ഫെസ്റ്റിന്റെ ഭാഗമായി നടന്ന ഗാനമേളക്കിടെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. കനത്ത മഴയെത്തിയതോടെയുണ്ടായ തിക്കും തിരക്കുമാണ് ഞെട്ടിക്കുന്ന അപകടത്തിന് കാരണമായത്. നാല് പേര്‍ക്കാണ് അപകടത്തില്‍ ജീവന്‍ നഷ്ടമായത്. രണ്ട് പെണ്‍കുട്ടികള്‍ക്കും രണ്ട് ആണ്‍കുട്ടികള്‍ക്കുമാണ് ജീവന്‍ നഷ്ടമായതെന്ന് വ്യക്തമായിട്ടുണ്ടെങ്കിലും ഇവരെ തിരിച്ചറിഞ്ഞിട്ടില്ല.

തിക്കിലും തിരക്കിലും പെട്ട് 61 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ പത്തോളം പേരുടെ അവസ്ഥ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ തന്നെ രണ്ട് പേരുടെ സ്ഥിതി അതീവ ഗുരുതരമാണെന്നും വിവരമുണ്ട്.

2000 ത്തിലേറെ കുട്ടികള്‍ പഠിക്കുന്നതാണ് കുസാറ്റിലെ എഞ്ചിനീയറിങ് കോളേജ്. മൂന്ന് ദിവസമായി നടന്ന ടെക് ഫെസ്റ്റിന്റെ ഭാഗമായി ഇന്ന് അവസാന ദിനം ധ്വനി ബാനുഷലിയുടെ ഗാനമേള നടന്നുകൊണ്ടിരിക്കെയാണ് അപകടമുണ്ടായത്. അതിനിടെ നവകേരള സദസില്‍ നിന്നും മന്ത്രിമാരായ പി.രാജീവ് അടക്കമുള്ളവര്‍ കുസാറ്റിലേക്ക് തിരിച്ചിട്ടുണ്ട്.

Top