കലിതുള്ളി കാലവര്‍ഷം; കേരളത്തില്‍ പ്രളയ മുന്നറിയിപ്പുമായി കേന്ദ്ര ജലകമ്മിഷന്‍…

കൊച്ചി: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കേന്ദ്ര ജലകമ്മീഷന്‍ കേരളത്തിനു പ്രളയമുന്നറിയിപ്പു നല്‍കി. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ജില്ലകളിലാണു മുന്നറിയിപ്പു നല്‍കിയത്. പെരിയാര്‍, വളപട്ടണം, കുതിരപ്പുഴ, കുറുമന്‍പുഴ എന്നീ പുഴകളില്‍ അപകടകരമായ രീതിയില്‍ ജലനിരപ്പുയര്‍ന്നതായും കേന്ദ്ര ജല കമ്മീഷന്‍ അറിയിച്ചു.

സംസ്ഥാനത്തെ 11 ജില്ലകളിലൂടെ ഒഴുകുന്ന നദികള്‍ കര കവിഞ്ഞൊഴുകാന്‍ സാധ്യതയുണ്ടെന്നും നദിക്കരകളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

പ്രളയ സാധ്യത മുന്‍നിര്‍ത്തി കാര്യങ്ങള്‍ വിശകലനം ചെയ്യാന്‍ മുഖ്യമന്തി പിണറായി വിജയന്റെ നേതൃത്വത്തില്‍ ദുരന്തനിവാരണ അതോറിറ്റി ഓഫിസില്‍ യോഗം ചേര്‍ന്നു. അപകട സ്ഥലങ്ങളിലുള്ളവര്‍ ക്യാംപിലേക്കു മാറണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ക്യാംപുകളില്‍ 13,000 പേരാണുള്ളത്. ക്യാംപിലേക്കു മാറാന്‍ ആരും മടി കാട്ടരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളം വെള്ളിയാഴ്ച രാവിലെ 9 മണിവരെ താല്‍ക്കാലികമായി അടച്ചു. ഏപ്രണ്‍ ഏരിയയില്‍ വെളളം കയറിയതിനെ തുടര്‍ന്നാണു നടപടി. വയനാട് മേപ്പാടി പുത്തുമലയിലുണ്ടായ വന്‍ ഉരുള്‍പൊട്ടലില്‍ 40 ഓളം പേര്‍ മണ്ണിനടിയില്‍പ്പെട്ടതായി സംശയം. മൂന്നു പേരെ രക്ഷപ്പെടുത്തി. ഒരു എസ്റ്റേറ്റ് പാടി, മുസ്ലിം പള്ളി, ക്ഷേത്രം എന്നിവ പൂര്‍ണമായും മണ്ണിനടിയിലായി. മഴദുരിതത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനു സംസ്ഥാനം സൈന്യത്തിന്റെ സഹായം തേടിയിട്ടുണ്ട്.

Top