തെലങ്കാനയില്‍ മഴ തുടരുന്നു; മരണം 30

ഹൈദരാബാദ്: ആന്ധ്രപ്രദേശിലും തെലങ്കാനയിലും മഴ ശക്തം. ഇതുവരെ 30 മരണം റിപ്പോര്‍ട്ട് ചെയ്തു. ഹൈദരാബാദില്‍ മാത്രം 15 പേര്‍ മരിച്ചു. നിരവധി പേരെ കാണാതായി. ഹൈദരാബാദില്‍ നിരവധി വീടുകളില്‍ വെള്ളം കയറി. ഗതാഗതം താറുമാറായി. ഇന്നലെ ഒഴുക്കില്‍പെട്ടു കാണാതായ ആളെ രക്ഷപ്പെടുത്തിയതായി പൊലീസ് അറിയിച്ചു.

തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു, ആന്ധ്ര മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി എന്നിവരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തു. കേന്ദ്രസര്‍ക്കാരിന്റെ എല്ലാവിധ സഹായങ്ങളും പ്രധാനമന്ത്രി ഉറപ്പു നല്‍കിയിട്ടുണ്ട്.

ഹൈദരാബാദില്‍ വീടിനു മുകളിലേക്കു മതില്‍ കെട്ടിടിഞ്ഞു വീണ് ഇന്നലെ 9 പേര്‍ മരിച്ചിരുന്നു. നഗരത്തില്‍ പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ ഒഴുകി പോയി. റോഡുകള്‍ വിണ്ടുകീറി. പഴക്കമുള്ള കെട്ടിടങ്ങള്‍ ഇടിഞ്ഞു വീഴാന്‍ സാധ്യതയുള്ളതിനാല്‍ ആളുകളെ മാറ്റിപ്പാര്‍പ്പിക്കുകയാണ്.

തെലങ്കാനയിലെ ഹിമായത് സാഗര്‍ ഡാമിന്റെ 13 ഷട്ടറുകളും തുറന്നു. കൃഷിയിടങ്ങള്‍ മുഴുവന്‍ വെള്ളത്തിനടിയിലാണ്. സര്‍വകലാശാലകള്‍ പരീക്ഷകള്‍ മാറ്റിവച്ചു. സ്‌കൂളുകള്‍ ഓണ്‍ലൈന്‍ ക്ലാസുകളും ഒഴിവാക്കി.

Top