കാലവർഷം കനത്തു ; സംസ്ഥാനത്ത് രണ്ട് മരണം,നിരവധി പേരെ മാറ്റിപ്പാർപ്പിച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് കാലവർഷം ശക്തമായി. കാലവര്‍ഷക്കെടുതിയില്‍ രണ്ട് പേര്‍ മരിച്ചു. നിരവധി വീടുകൾ തകർന്നു. മുന്‍കരുതലിന്‍റെ ഭാഗമായി മലപ്പുറത്തും കാസര്‍കോടും നിരവധി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.

കാസർഗോഡ് വെള്ളക്കെട്ടിൽ വീണാണ് രണ്ടു പേര്‍ മരിച്ചത്. ചെറുവത്തൂർ സ്വദേശി സുധൻ, പരപ്പാടി സ്വദേശി ചന്ദ്രശേഖരൻ എന്നിവരാണ് മരിച്ചത്. മലപ്പുറത്ത് മണ്ണിടിച്ചില്‍ ഭീഷണിയെ തുടര്‍ന്ന് പോത്ത്കല്ല് പഞ്ചായത്തിലെ 12 കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു. ഭൂതാനം എല്‍ പി സ്കൂളിലാണ് ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചത്.

വടകരയിലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. ബാണാസുര സാഗർ ഡാമിന്റെ ഷട്ടറുകൾ 30 സെന്‍റിമീറ്റര്‍ ഉയര്‍ത്തിയിട്ടുണ്ട്. കണ്ണൂരില്‍ അഴിമുഖം, ആറളം, പുളിക്കല്‍, പയ്യാവൂര്‍ തുടങ്ങിയ മേഖലകളില്‍ കനത്ത മഴ തുടരുകയാണ്. കോഴിക്കോട് രണ്ട് വീടുകള്‍ പൂര്‍ണ്ണമായും ആറ് വീടുകള്‍ ഭാഗികമായും തകര്‍ന്നു. കോട്ടയം ചങ്ങനാശേരിയിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. മണിമലയാറും മീനച്ചിലാറിലും ജലനിരപ്പ് ഉയർന്നു.

എറണാകുളം ജില്ലയുടെ വിവിധ മേഖലകളിലും ശക്തമായ മഴ തുടരുകയാണ്. വനമേഖലയില്‍ മഴ ശക്തമായതിനാല്‍ ജില്ലയിലെ പ്രധാന നദികളിലെല്ലാം വെള്ളം കയറി. പുഴയുടെ തീരത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Top