സംസ്ഥാനത്ത് ഒറ്റപെട്ടയിടങ്ങളില്‍ മഴ തുടരുന്നു; തെക്കന്‍ ജില്ലകളില്‍ കനത്ത മഴ, ശക്തമായ കാറ്റിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപെട്ടയിടങ്ങളില്‍ മഴ തുടരുന്നു. തെക്കന്‍ ജില്ലകളില്‍ കനത്ത മഴയാണ്. തിരുവനന്തപുരം മുതല്‍ ആലപ്പുഴ വരെ യെല്ലോ അലര്‍ട്ടാണ്. ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിഭാഗം അറിയിപ്പ്.

അപ്പര്‍കുട്ടനാടന്‍ മേഖലകളില്‍ വെള്ളം കയറിത്തുടങ്ങി. ആലപ്പുഴയിലെ ചില താഴ്ന്ന പ്രദേശങ്ങള്‍ നിലവില്‍ വെള്ളക്കെട്ടിലാണ്. ചേര്‍ത്തലയില്‍ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ തുടങ്ങി. കുട്ടനാട്ടില്‍ ചമ്പക്കുളം, മങ്കൊമ്പ് എന്നിവിടങ്ങളിലും വെളളക്കെട്ട് രൂപപ്പെട്ടു. കിഴക്കന്‍ വെള്ളത്തിന്റെ ഒഴുക്ക് ശക്തമായതും വെള്ളക്കെട്ടിന് കാരണമായി.

തെക്ക് പടിഞ്ഞാറന്‍ ജാര്‍ഖണ്ഡിനും അതിനോട് ചേര്‍ന്ന വടക്കന്‍ ഛത്തിസ്ഗഡിനും മുകളില്‍ ന്യൂനമര്‍ദവും മധ്യ മഹാരാഷ്ട്രയ്ക്ക് മുകളില്‍ ചക്രവാതച്ചുഴിയും സ്ഥിതിചെയ്യുന്നുണ്ട്. കേരളത്തില്‍ അടുത്ത 5 ദിവസം മഴയും ഇടിമിന്നലും തുടരാന്‍ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്.

വെള്ളപ്പൊക്ക ഭീഷണി നേരിടുന്നതിനാല്‍ കോട്ടയം താലൂക്കിലെ ഹയര്‍സെക്കന്‍ഡറി തലം വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അങ്കണവാടികള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ചങ്ങനാശേരി, വൈക്കം താലൂക്കുകളിലെ ക്യാന്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും ഇന്ന് അവധിയാണ്.

Top