തെലങ്കാനയില്‍ മഴ തുടരുന്നു; 70 മരണം

ഹൈദരാബാദ്: തെലങ്കാനയില്‍ കനത്ത മഴ തുടരുന്നു. സംസ്ഥാനത്ത് ഇതുവരെ 70 പേര്‍ മരിച്ചതായാണ് വിവരം. ഇതില്‍ 33 പേരും ഹൈദരാബാദ് നഗരത്തിലാണ്. ആയിരക്കണക്കിന് ഏക്കര്‍ കൃഷിയിടങ്ങള്‍ വെള്ളത്തിലാണ്. നദികള്‍ കരകവിഞ്ഞൊഴുകുകയാണ്. സൈന്യവും ദേശീയ, സംസ്ഥാന ദുരന്തനിവാരണ സേനകളും രക്ഷാപ്രവര്‍ത്തനത്തിനായി രംഗത്തുണ്ട്.

മൂന്നു ദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം അടുത്ത 48 മണിക്കൂറിനുള്ളില്‍ വടക്കു പടിഞ്ഞാറ് ദിശയിലേക്കു നീങ്ങുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

സംസ്ഥാനത്തെ എല്ലാ പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്. മഴയിലും വെള്ളപ്പൊക്കത്തിലും പെട്ട് സര്‍ട്ടിഫിക്കറ്റുകളും മാര്‍ക്ക് ലിസ്റ്റുകളും നഷ്ടപ്പെടുകയോ ഉപയോഗശൂന്യമാകുകയോ ചെയ്ത വിദ്യാര്‍ഥികള്‍ക്ക് പുതിയവ നല്‍കുമെന്നു സര്‍ക്കാര്‍ അറിയിച്ചു. വിദ്യാര്‍ഥികളുടെ പരാതിയെത്തുടര്‍ന്നാണ് നടപടി.

Top