പടിഞ്ഞാറുനിന്ന് എത്തുന്നത് വന്‍ കാര്‍മേഘ കൂട്ടങ്ങള്‍; സംസ്ഥാനത്ത് മഴയുടെ ഭാവം മാറുന്നു

പാലക്കാട്: കേരളത്തിലേക്ക് വന്‍തോതിലുള്ള കാര്‍മേഘ കൂട്ടങ്ങള്‍ എത്തുന്നതായി കാലാവസ്ഥാ വിദഗ്ധര്‍. ന്യൂനമര്‍ദത്തിന്റെ ശക്തിയില്‍ പടിഞ്ഞാറുനിന്ന് കേരളത്തിലേക്ക് എത്തുന്ന ഈ കാര്‍മേഘക്കൂട്ടങ്ങള്‍ക്ക് ഇന്നു രാത്രി മുഴുവന്‍ പെയ്യാനുള്ള ശേഷിയുണ്ടെന്നാണ് കാലാവസ്ഥ ഗവേഷകര്‍ വിലയിരുത്തുന്നത്.

സാധാരണയില്‍ കവിഞ്ഞ വലുപ്പത്തില്‍ നിരനിരയായാണ് ഈ ദിവസങ്ങളില്‍ കാര്‍മേഘങ്ങള്‍ സഞ്ചരിക്കുന്നത്. ഇവയ്ക്കിടയിലെ വിടവ് അനുഭവപ്പെടുന്ന സ്ഥലങ്ങളില്‍ വെയില്‍ തെളിയാമെങ്കിലും പിന്നാലെ കനത്ത മഴയുണ്ടാകാമെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.

വെള്ളിയാഴ്ച രാത്രി മുതല്‍ വയനാട്, കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ നിലയ്ക്കാതെയുള്ള മഴയാണ് പെയ്തുകൊണ്ടിരിക്കുന്നത്. വയനാട്ടിലെ മാനന്തവാടി മേഖലയിലാണു ശക്തി കൂടുതല്‍. മറ്റിടങ്ങളില്‍ ശക്തികുറഞ്ഞെങ്കിലും പെയ്തു തോര്‍ന്നിട്ടില്ല.

സാധാരണ ന്യൂമര്‍ദത്തിന്റെ ഭാഗമായി രൂപം കൊള്ളുന്ന വലിയ കാര്‍മേഘപടലം ഇത്തവണ കുറവാണ്. മേഘവിസ്‌ഫോടനത്തിന്റെ സാധ്യതയും പരിശോധിക്കണമെന്നാണു നിര്‍ദേശം. ഞായറാഴ്ച രാവിലെയോടെ മഴയുടെ ശക്തിയില്‍ കാര്യമായ കുറവുണ്ടാകും. എന്നാല്‍ ബംഗാള്‍ ഉള്‍ക്കടലില്‍തന്നെ 15,16 തീയതികളില്‍ പുതിയ ന്യുനമര്‍ദം ഉണ്ടാകാനുള്ള സൂചനകള്‍ ലഭിക്കുന്നുണ്ടെങ്കിലും അതിന്റെ ചലനങ്ങള്‍ വ്യക്തമല്ലെന്ന് അധികൃതര്‍ പറഞ്ഞു. ഇപ്പോഴത്തെ സാഹചര്യത്തില്‍ അവയുടെ നീക്കം ഉള്‍പ്പെടെ അറിയേണ്ടതുണ്ട്. തിങ്കളാഴ്ചയോടെ അതു സ്ഥിരീകരിക്കാനാകുമെന്നാണ് കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നത്.

Top