അടുത്ത അഞ്ചു ദിവസം കേരളത്തില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും കാറ്റിനും സാധ്യത

തിരുവനന്തപുരം: അടുത്ത അഞ്ചു ദിവസം കേരളത്തില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.

കേരള തീരത്തും കന്യാകുമാരി, ലക്ഷ്വദ്വീപ് തീരങ്ങളിലും മണിക്കൂറില്‍ 45 മുതല്‍ 55 വരെ കി.മി. വേഗത്തില്‍ വടക്കു – പടിഞ്ഞാറന്‍ ദിശയില്‍ നിന്ന് ശക്തമായ കാറ്റിന് സാധ്യതയുണ്ട്. അതിനാല്‍ മേല്‍ പറഞ്ഞ പ്രദേശങ്ങളില്‍ മത്സ്യ തൊഴിലാളികള്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും മുന്നറിയിപ്പില്‍ പറയുന്നു.

നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ

ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും ചില്ലകള്‍ ഒടിഞ്ഞു വീണും അപകടങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

കാറ്റും മഴയും ഉണ്ടാകുമ്പോള്‍ വീടിന്റെ ടെറസിലോ മരച്ചുവട്ടിലോ നില്‍ക്കരുത്. മരച്ചുവട്ടില്‍ വാഹനങ്ങളും പാര്‍ക്ക് ചെയ്യരുത്.

ഉറപ്പില്ലാത്ത പരസ്യ ബോര്‍ഡുകള്‍, ഇലക്ട്രിക് പോസ്റ്റുകള്‍, കൊടിമരങ്ങള്‍ തുടങ്ങിയവയും കടപുഴകി വീഴാന്‍ സാധ്യതയുള്ളതിനാല്‍ മഴയും കാറ്റുമുള്ളപ്പോള്‍ അവയുടെ ചുവട്ടിലോ സമീപത്തോ നില്‍ക്കാനോ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനോ പാടില്ല.

ഓല മേഞ്ഞതോ ഷീറ്റ് പാകിയതോ, അടച്ചുറപ്പില്ലാത്തതോ ആയ വീടുകളില്‍ താമസിക്കുന്നവര്‍ 1077 എന്ന നമ്പറില്‍ അധികൃതരുമായി നേരത്തേ ബന്ധപ്പെടുകയും അവര്‍ മുന്നറിയിപ്പു നല്‍കുന്നതനുസരിച്ച് സുരക്ഷിതമായ കെട്ടിടങ്ങളിലേക്ക് മാറിത്താമസിക്കുകയും വേണം.

കാറ്റും മഴയും ശക്തമാകുമ്പോള്‍ വൈദ്യുതിക്കമ്പികളും പോസ്റ്റുകളും പൊട്ടിവീഴാനുള്ള സാധ്യത കൂടുതലാണ്. ഇത്തരം അപകടം ശ്രദ്ധയില്‍ പെട്ടാല്‍ ഉടനെ കെഎസ്ഇബിയുടെ 1912 എന്ന കണ്‍ട്രോള്‍ റൂമിലോ 1077 എന്ന നമ്പറില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ കണ്‍ട്രോള്‍ റൂമിലോ വിവരം അറിയിക്കുക.

തകരാര്‍ പരിഹരിക്കുന്ന പ്രവൃത്തികള്‍ കാറ്റും മഴയും അവസാനിച്ച ശേഷം മാത്രം നടത്തുക.

കെഎസ്ഇബി ജീവനക്കാരുമായി പൊതുജനങ്ങള്‍ ക്ഷമയോടെ സഹകരിക്കുക.

പൊതുജനങ്ങള്‍ നേരിട്ടിറങ്ങി ഇത്തരം ജോലികള്‍ ചെയ്യരുത്.

പത്രം-പാല്‍ വിതരണം പോലെയുള്ള ജോലികള്‍ക്ക് അതിരാവിലെ ഇറങ്ങുന്നവര്‍ പ്രത്യേക ജാഗ്രത പാലിക്കണം.

വഴികളിലെ വെള്ളക്കെട്ടുകളിലും മറ്റും വൈദ്യുതി ലൈന്‍ പൊട്ടിവീണിട്ടില്ലെന്ന് ഉറപ്പാക്കണം.

അപകടസൂചന ലഭിച്ചാല്‍ കണ്‍ട്രോള്‍ റൂമില്‍ അറിയിച്ച് അപകടം ഇല്ലെന്ന് ഉറപ്പുവരുത്തി മാത്രം മുന്നോട്ട് പോകണം.

കൃഷിയിടങ്ങളില്‍ കൂടി കടന്നു പോകുന്ന വൈദ്യുതിലൈനുകളും സുരക്ഷിതമാണെന്ന് പാടത്ത് ഇറങ്ങുന്നതിന് മുമ്പ് ഉറപ്പ് വരുത്തുക.

നിര്‍മാണ ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ കാറ്റും മഴയും ശക്തമാകുമ്പോള്‍ ജോലി നിര്‍ത്തി വെച്ച് സുരക്ഷിതമായ ഇടത്തേക്ക് മാറി നില്‍ക്കണം.

വീട്ടുവളപ്പിലെ മരങ്ങളുടെ അപകടകരമായ രീതിയിലുള്ള ചില്ലകള്‍ വെട്ടിയൊതുക്കണം.

പൊതുസ്ഥലങ്ങളില്‍ അപകടകരമായ അവസ്ഥയിലുള്ള മരങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ബന്ധപ്പെട്ട തദ്ദേശ സ്ഥാപന സെക്രട്ടറിയെ അറിയിക്കുക.

Top