മണ്‍സൂണിന്റെ ശക്തി കുറഞ്ഞു; 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിന് സാധ്യതയെന്ന്…

rain

തിരുവനന്തപുരം: ഇന്നുമുതല്‍ തെക്ക്-പടിഞ്ഞാറന്‍ മണ്‍സൂണിന്റെ ശക്തി കുറഞ്ഞുതുടങ്ങുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. എന്നാല്‍ വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അടുത്ത രണ്ടാഴ്ചവരെ സംസ്ഥാനത്ത് അതി തീവ്രമഴയ്ക്ക് സാധ്യതയില്ലെന്നാണ് കാലാവസ്ഥ വിലയിരുത്തല്‍. ഇതിന്റെ പശ്ചാത്തലത്തില്‍ റെഡ്, ഓറഞ്ച് അലര്‍ട്ടുകള്‍ പിന്‍വലിച്ചിട്ടുണ്ട്. പകരം കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ അടുത്ത 24 മണിക്കൂര്‍ യെല്ലോ അലര്‍ട്ടിലായിരിക്കും. ഈ മാസം 27 വരെ തെക്ക്-പടിഞ്ഞാറന്‍ ദിശയില്‍നിന്ന് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ തെക്ക്-പടിഞ്ഞാറ് അറബിക്കടല്‍, മധ്യ-പടിഞ്ഞാറ് അറബിക്കടല്‍, മധ്യ-കിഴക്ക് അറബിക്കടല്‍ എന്നിവിടങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തിന് പോകരുതെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി.

ഇന്നലെ ആലപ്പുഴ, കോഴിക്കോട്, കാസര്‍കോട് ജില്ലകളിലായി 12 ദുരിതാശ്വാസ ക്യാമ്പുകള്‍ കൂടി തുറന്നു. 201 കുടുംബങ്ങളിലായി 706 പേരെ ഇവിടേക്ക് മാറ്റിപ്പാര്‍പ്പിച്ചു. ഇതോടെ ഈ സീസണില്‍ തുറന്ന ക്യാമ്പുകളുടെ എണ്ണം 39 ആയി. 549 കുടുംബങ്ങളിലായി 2204 പേരാണ് ക്യാമ്പുകളിലുള്ളത്. കോട്ടയത്താണ് കൂടുതല്‍ ക്യാമ്പുകളുള്ളത് -13. ഇവിടെ 100 കുടുംബങ്ങളിലായി 379 പേരെയാണ് മാറ്റിപ്പാര്‍പ്പിച്ചത്.

തിരുവനന്തപുരത്ത് കടല്‍ക്ഷോഭം ശക്തമായ വലിയതുറ, ചിറയിന്‍കീഴ് ഭാഗങ്ങളില്‍ ആറ് ക്യാമ്ബുകളിലായി 692 പേരെ മാറ്റിയിട്ടുണ്ട്. ക്യാമ്ബുകളില്‍ കഴിയുന്നവര്‍ക്ക് അടിയന്തര സഹായം എത്തിക്കുന്നതിന് കളക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Top