അഞ്ച് ദിവസം ശക്തമായ മഴ; നാളെ ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; മലയോര മേഖലയില്‍ ജാഗ്രത വേണം

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. വെള്ളിയാഴ്ച പത്തനംതിട്ട, ഇടുക്കി, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലും ശനിയാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലും യെല്ലോ അലർട്ടുണ്ട്. ഞായറാഴ്ച പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസർക്കോട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച മലയോര മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത തുടരണമെന്ന് നിർദ്ദേശമുണ്ട്. കേരള തീരത്ത് വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ലക്ഷദ്വീപ് തീരത്ത് വ്യാഴാഴ്ച മുതൽ ഞായറാഴ്ച വരേയും മത്സ്യബന്ധനത്തിനു പോകാൻ പാടുള്ളതല്ലെന്നും നിർദേശമുണ്ട്.

വടക്കൻ ആന്തമാൻ കടലിനു മുകളിൽ ന്യൂനമർദം രൂപപ്പെട്ടു. പടിഞ്ഞാറ്, വടക്ക്- പടിഞ്ഞാറൻ ദിശയിൽ സഞ്ചരിച്ച് ശനിയാഴ്ചയോടെ മധ്യ- കിഴക്കൻ ബംഗാൾ ഉൾകടലിൽ തീവ്ര ന്യൂനമർദമായും ഞായറാഴ്ച അതിതീവ്ര ന്യൂനമർദമായും ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം. തുടർന്ന് വടക്ക് ഭാഗത്തേക്ക് തിരിഞ്ഞ് തിങ്കളാഴ്ചയോടെ മധ്യ- പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ട്.

ഒഡിഷ തീരത്ത് നിന്ന് ഗതിമാറി വടക്ക്, വടക്ക്- കിഴക്ക് ദിശയിൽ നീങ്ങി ഒക്ടോബർ 25 ഓടെ പശ്ചിമ ബംഗാൾ – ബംഗ്ലാദേശ് തീരത്തിനടുത്തെത്താൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കു കിഴക്കൻ അറബി കടലിൽ കേരള തീരത്തിനു സമീപമായി ചക്രവാതചുഴി നിലനിൽക്കുന്നതായും പ്രവചനമുണ്ട്.

Top