ഇന്ന് സംസ്ഥാന വ്യാപകമായി അതിശക്തമായ മഴയ്ക്കു സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് ശക്തമായ/അതി ശക്തമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതി തീവ്ര മഴക്കും സാധ്യത. വടക്കന്‍ കേരളത്തിലാണ് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. . മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്.സംസ്ഥാനത്താെട്ടാകെ ഇന്ന് വ്യാപകമായി തന്നെ ഒറ്റപ്പെട്ട മഴയ്ക്കും അതിശക്തമായ മഴക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. അറബിക്കടലിലെയും ബംഗാള്‍ ഉള്‍ക്കടലിലെയും ചക്രവാതച്ചുഴിയെ തുടര്‍ന്നുണ്ടായ ശക്തമായ പടിഞ്ഞാറന്‍ കാറ്റാണ് മഴക്ക് കാരണം.16 മുതല്‍ 19-ാം തീയതി വരെ കേരള തീരത്ത് നിന്ന് ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല.

മലയോര മേഖലകളില്‍ ശക്തമായ ഇടിയോടു കൂടിയ മഴക്ക് സാധ്യത ഉള്ളതിനാല്‍ ഓറഞ്ച് അലെര്‍ട്ടിന് സമാനമായ ജാഗ്രത പാലിക്കണമെന്നും താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ പ്രദേശത്തുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ജില്ലാ- താലൂക്ക് തലങ്ങളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കും. 1077 എന്ന ട്രോള്‍ ഫ്രീ നമ്പറില്‍ കണ്‍ട്രോള്‍ റൂമില്‍ ബന്ധപ്പെടാവുന്നതാണ്. വൈദ്യുതി സംബന്ധിച്ച പ്രശ്നങ്ങള്‍ 1912 എന്ന നമ്പറില്‍ അറിയിക്കാം.

Top