കേരളത്തില്‍ വീണ്ടും മഴ; എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കൊച്ചി: കേരളത്തില്‍ വീണ്ടും മഴ. ഏറ്റവും പുതിയ കാലാവസ്ഥ അറിയിപ്പ് പ്രകാരം 2 ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നലെ സംസ്ഥാനത്ത് ഒരു ജില്ലയിലും യെല്ലോ അലര്‍ട്ട് ഉണ്ടായിരുന്നില്ല. മാത്രമല്ല അടുത്ത 5 ദിവസങ്ങളില്‍ യെല്ലോ അലര്‍ട്ട് ഒരു ജില്ലയിലും ഇല്ലെന്നായിരുന്നു ഇന്നലത്തെ പ്രവചനം. ഇത് പുതുക്കിയാണ് ഇപ്പോള്‍ രണ്ട് ജില്ലകളില്‍ ഇന്നത്തെ ദിവസം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതിനിടെ കേരള തീരത്ത് ഇന്ന് രാത്രി ഉയര്‍ന്ന തിരമാല ജാഗ്രത നിര്‍ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാല്‍ കേരള – കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിപ്പില്‍ പറയുന്നു.

കേരള തീരത്തും തെക്കന്‍ തമിഴ്‌നാട് തീരത്തും ഇന്ന് (05-12-2023) രാത്രി 11.30 വരെ 0.5 മുതല്‍ 1.5 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.
മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.

1. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം.
2. മല്‍സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
3. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക.

Top