സിഗ്‌നല്‍ തകരാറും അറ്റകുറ്റപ്പണിയും; സംസ്ഥാനത്ത് ട്രെയിനുകള്‍ വൈകിയോടുന്നു

train

കൊച്ചി: സംസ്ഥാനത്ത് ട്രെയിനുകള്‍ വൈകിയോടുമെന്ന് റെയില്‍വേ അറിയിച്ചു. തിരുവനന്തപുരം ഡിവിഷനിലുണ്ടായ സിഗ്‌നല്‍ തകരാറും തുടര്‍ന്ന് ട്രാക്ക് അറ്റകുറ്റപ്പണികള്‍ വൈകിയതുമാണ് ട്രെയിന്‍ ഗതാഗതത്തെ ബാധിച്ചിരിക്കുന്നത്. കൊച്ചുവേളിക്കടുത്ത് ശനിയാഴ്ച രാത്രിയാണ് സിഗ്‌നല്‍ തകരാര്‍ സംഭവിച്ചത്.

ശനിയാഴ്ച സിഗ്‌നല്‍ തകരാറിനെ തുടര്‍ന്ന് തിരുവനന്തപുരം ഭാഗത്തേക്കുള്ള ട്രെയിനുകള്‍ വൈകിയിരുന്നു. തുടര്‍ന്ന് പാളത്തിന്റെ അറ്റകുറ്റപ്പണികള്‍ കൃത്യസമയത്ത് നടത്താന്‍ സാധിച്ചില്ല. വൈകി തുടങ്ങിയ അറ്റകുറ്റപ്പണികള്‍ തീരാന്‍ സമയമെടുത്തതോടെയാണ് ഇന്ന് രാവിലെ തിരുവനന്തപുരം ഡിവിഷനില്‍ തീവണ്ടികള്‍ വൈകാന്‍ കാരണമായത്.

നാഗര്‍കോവില്‍-മംഗലാപുരം ഏറനാട് എക്‌സ്പ്രസ് അഞ്ചുമണിക്കൂറോളം വൈകിയായിരിക്കും ഓടുക. തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ധി എക്‌സ്പ്രസ് മൂന്നു മണിക്കൂറോളം വൈകി ഓടും. തിരുവനന്തപുരം-ഷൊര്‍ണൂര്‍ വേണാട് എക്‌സ്പ്രസ് രണ്ടര മണിക്കൂറും തിരുവനന്തപുരം-ഖൊരഗ്പുര്‍ രപ്തിസാഗര്‍ എക്‌സ്പ്രസ് നാലുമണിക്കൂറും വൈകിയോടും.

തിരുവനന്തപുരത്തു നിന്ന് എത്തേണ്ട ജനശതാബ്ധി എക്‌സ്പ്രസ് വൈകുന്നത് കോഴിക്കോടു നിന്നും ഉച്ചക്ക് 1.45 ന് പുറപ്പെടേണ്ട ജനശതാബ്ധി എക്‌സ്പ്രസ് വൈകാന്‍ കാരണമായി.

Top