കൽക്കരി വിതരണം വേഗത്തിലാക്കാൻ റയിൽവേ

indian-railway

ഡൽഹി: രാജ്യത്ത് വൈദ്യുതി ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ പ്രശ്ന പരിഹാരവുമായി ഇന്ത്യൻ റയിൽവേ. കൽക്കരി വിതരണം വേഗത്തിലാക്കാൻ റയിൽവേ നടപടികൾ പ്രഖ്യാപിച്ചു. കൽക്കരി വിതരണം വേഗത്തിലാക്കാനായി 670 യാത്ര ട്രെയിനുകളുടെ ട്രിപ്പുകൾ മെയ് 24 വരെ റദ്ദാക്കും.

കൽക്കരി തീവണ്ടികളുടെ നീക്കം വേഗത്തിലാക്കാനാണ് ഈ നടപടി. വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണാനായി പ്രതിദിനം 3500 ടൺ കൽക്കരി താപവൈദ്യുതി നിലയങ്ങളിൽ എത്തിക്കാനാണ് റയിൽവേ ലക്ഷ്യമിടുന്നത്.

രാജ്യത്ത് കൽക്കരി പ്രതിസന്ധിയില്ലെന്ന് ആവർത്തിച്ച് കേന്ദ്രസർക്കാർ രംഗത്തെത്തിയിരുന്നു. ആവശ്യമായ സ്റ്റോക്ക് കൽക്കരിയുണ്ടെന്ന് കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷി വ്യക്തമാക്കി. രാജ്യത്തെ വിവിധ താപവൈദ്യുത നിലയങ്ങളിലായി ഏകദേശം 22 ദശലക്ഷം ടൺ കൽക്കരിയുണ്ടെന്നാണ് ഇവരുടെ വാദം.

രാജ്യത്തെ പ്രധാന കൽക്കരി വിതരണ സ്ഥാപനമായ കോൾ ഇന്ത്യയ്ക്ക് സംസ്ഥാനങ്ങൾ നിരന്തരം കുടിശ്ശിക വരുത്തുന്നതും അനുവദിച്ച കൽക്കരി യഥാസമയം കൊണ്ടുപോകാത്തതുമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി.

Top