railways to show green signal to a train in andaman and nicobar

ന്യൂഡല്‍ഹി: ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലേക്ക് ട്രെയിന്‍ സര്‍വ്വീസ് ആരംഭിക്കുന്നതിന് ഇന്ത്യന്‍ റെയില്‍വേയുടെ അനുമതി.

പോര്‍ട്ട് ബ്ലയറിനെയും ദിഗ്ലിപുരിനെയും ബന്ധിപ്പിച്ചുകൊണ്ടാണ് 240 കിലോമീറ്റര്‍ ദൈര്‍ഘ്യംവരുന്ന റെയില്‍ പാത വരുന്നത്. ഈ പദ്ധതിക്ക് റെയില്‍വേ അംഗീകാരം നല്‍കി.

ഇപ്പോള്‍ 14 മണിക്കൂര്‍ ബസില്‍ സഞ്ചരിച്ചാല്‍ മാത്രമേ ദൈര്‍ഘ്യമേറിയ ഈ ദ്വീപിന്റെ ഒരറ്റത്തുനിന്ന് മറ്റേ അറ്റത്ത് എത്തുകയുള്ളൂ. പിന്നെയുള്ളത് 24 മണിക്കൂര്‍ ദൈര്‍ഘ്യം വരുന്ന സമുദ്രയാത്രയാണ്. ഈ സാഹചര്യത്തിലാണ് ദ്വീപില്‍ ട്രെയിന്‍ ഗതാഗതം ആരംഭിക്കുന്നതിന് റെയില്‍വേ പദ്ധതി തയ്യാറാക്കിയത്.

2,413.68 കോടി രൂപയാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. റെയില്‍ മന്ത്രാലയത്തിന്റെ ആസൂത്രണ-സാമ്പത്തിക വിഭാഗം കഴിഞ്ഞ ആഴ്ചയാണ് പദ്ധതിയ്ക്ക് അംഗീകാരം നല്‍കിയത്. പദ്ധതിയ്ക്ക് ചിലവാകുന്ന തുകയുടെ പകുതി ആന്‍ഡമാന്‍നിക്കോബാര്‍ സര്‍ക്കാരാണ് വഹിക്കുക.

നയതന്ത്രപ്രാധാന്യവും ടൂറിസം സാധ്യതകളും കണക്കിലെടുത്താണ് ഇത്തരമൊരു പദ്ധതിയ്ക്ക് മന്ത്രാലയം രൂപംനല്‍കിയത്. റെയില്‍ പാത യാഥാര്‍ത്ഥ്യമാകുന്നതോടെ ദ്വീപിലെ വിനോദ സഞ്ചാര മേഖലയില്‍ സന്ദര്‍ശകരുടെ എണ്ണം ആറ് ലക്ഷമായി വര്‍ധിക്കുമെന്നാണ് കണക്കുകൂട്ടുന്നത്. തീവണ്ടി പാത സംബന്ധിച്ച് റെയില്‍വേ നടത്തിയ സര്‍വ്വേ 2014 ഡിസംബറില്‍ പൂര്‍ത്തീകരിച്ചിരുന്നു. എന്നാല്‍ പിന്നീട് ഇത് മുടങ്ങുകയും 2016ല്‍ വീണ്ടും സര്‍വ്വേ നടത്തി പദ്ധതി പുനരുജ്ജീവിപ്പിക്കുകയുമായിരുന്നു

Top