ചൈനീസ് കമ്പനിയുമായുള്ള 471 കോടിയുടെ കരാര്‍ അവസാനിപ്പിച്ച് ഇന്ത്യന്‍ റെയില്‍വേ

ന്യൂഡല്‍ഹി: ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ തുടരുന്നതിനിടെ, ചൈനീസ് കമ്പനിയുമായുള്ള 471 കോടിയുടെ കരാര്‍ റെയില്‍വേ അവസാനിപ്പിച്ചു.

കാണ്‍പൂര്‍-ദീന്‍ ദയാല്‍ ഉപാധ്യായ റെയില്‍വേ സെക്ഷന്റെ 417 കിലോമീറ്റര്‍ സിഗ്നലിങും ടെലികോം കരാറുമാണ് റദ്ദാക്കിയത്.ചൈനീസ് കമ്പനിയായ ബീജിംഗ് നാഷണല്‍ റെയില്‍വേ റിസര്‍ച്ച് ആന്‍ഡ് ഡിസൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സിഗ്‌നല്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ഗ്രൂപ്പുമായിട്ടുള്ള കരാറാണ് റദ്ദാക്കിയത്.
പദ്ധതി നടപ്പാക്കുന്നതിലെ കാലതാമസം കണക്കിലെടുത്താണ് കരാര്‍ അവസാനിപ്പിക്കുന്നതെന്നാണ് റെയില്‍വേയുടെ വിശദീകരണം.

2016 ല്‍ ഒപ്പിട്ട കാരാറില്‍ നാല് വര്‍ഷം പിന്നിട്ടിട്ടും പദ്ധതിയുടെ 20 ശതമാനം പ്രവര്‍ത്തനമാണ് പൂര്‍ത്തീകരിച്ചിട്ടുള്ളത്. ലോകബാങ്ക് ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കിയിരുന്നത്. ചൈനീസ് കമ്പനിയുമായുള്ള കരാര്‍ റദ്ദാക്കാനുള്ള ഇന്ത്യന്‍ സര്‍ക്കാരിന്റെ തീരുമാനത്തിന് ലോക ബാങ്ക് യോജിക്കുന്നില്ലെങ്കില്‍, പദ്ധതിക്ക് തന്നെ ധനസഹായം നല്‍കാന്‍ ഇന്ത്യന്‍ റെയില്‍വേ തയ്യാറാണെന്നും അറിയിച്ചിട്ടുണ്ട്.

ഗല്‍വാന്‍ താഴ്വരയില്‍ നടന്ന സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചതിന് പിന്നാലെ ചൈനീസ് കമ്പനികളെ ബഹിഷ്‌കരണമെന്ന ആവശ്യം വ്യാപകമായി ഉയര്‍ന്ന് വന്നിരുന്നു. ഇതിനിടയിലാണ് റെയില്‍വേ ചൈനീസ് കമ്പനിയുമായുള്ള കരാര്‍ അവസാനിപ്പിച്ചിരിക്കുന്നത്

അതേസമയം എല്‍എസിയില്‍ നടന്നുകൊണ്ടിരിക്കുന്ന സംഘര്‍ഷവുമായി ഈ തീരുമാനത്തിന് യാതൊരു ബന്ധവുമില്ലെന്നും പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Top