പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഹൈ സ്പീഡ് ട്രെയിന്‍ കോറിഡോര്‍ പദ്ധതിയുമായി റെയില്‍വെ

indian-railway

ന്യൂഡല്‍ഹി: റെയില്‍വെയുടെ പുതിയ പദ്ധതി ഹൈ സ്പീഡ് ട്രെയിന്‍ കോറിഡോര്‍ ഉടന്‍ പ്രഖ്യാപിക്കുമെന്ന് വിവരം. രാജ്യത്തെ എല്ലാ പ്രധാന നഗരങ്ങളെയും ബന്ധിപ്പിക്കുന്നതാണ് പദ്ധതി. പത്ത് ലക്ഷം കോടി രൂപയാണ് പദ്ധതിയ്ക്ക് ചിലവ് പ്രതീക്ഷിക്കുന്നത്. സര്‍ക്കാരിന്റെ ഭാരത് മാല ഹൈവേയ്‌സ് ഡവലപ്‌മെന്റ് പ്രോഗ്രാമിന്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുക.

പദ്ധതി നടപ്പിലായാല്‍ മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയിലായിരിക്കും ട്രെയിനുകളുടെ സേവനം ലഭിക്കുക. നിലവിലുള്ളതും പുതിയതായി നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നതുമായ ഹൈവേകള്‍ക്ക് മുകളിലൂടെ പാത നിര്‍മ്മിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. റെയില്‍പാളങ്ങള്‍ക്ക് സമാന്തരമായി പുതിയ പാളങ്ങള്‍ നിര്‍മ്മിക്കുമെന്ന് പദ്ധതിയില്‍ വ്യക്തമാക്കുന്നു.

പുതിയ സംവിധാനങ്ങളോടെ നിര്‍മ്മിക്കുന്ന അലുമിനിയം കോച്ചുകളാകും പുതിയ ട്രെയിനുകള്‍ക്കുണ്ടാകുക. കിലോമീറ്ററിന് 100 കോടി മുതല്‍ 200 കോടി രൂപവരെ നിര്‍മ്മാണ ചിലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്ക് ആഗോളതലത്തില്‍ ടെണ്ടര്‍ വിളിക്കാനുള്ള നടപടികള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. ധനകാര്യ സ്ഥാപനങ്ങളില്‍നിന്ന് വായ്പയെടുത്തും റെയില്‍വെയുടെ ഭൂമി ഉപയോഗിച്ചും പണം കണ്ടെത്താനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

ഒരു ലക്ഷം കോടി നിര്‍മ്മാണ ചിലവ് വരുന്ന 534 കിലോമീറ്റര്‍ നീളമുള്ള മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ കോറിഡോര്‍ നിലവില്‍ നിര്‍മ്മാണഘട്ടത്തിലാണ്. 2022ല്‍ പദ്ധതി പൂര്‍ത്തിയാകുമെന്നാണ് വിവരം. ഏപ്രിലില്‍ പദ്ധതി പ്രഖ്യാപനം ഉണ്ടായേക്കുമെന്ന് റെയില്‍വെയുമായി ബന്ധപ്പെട്ട അധികൃതര്‍ അറിയിച്ചു. അതേസമയം തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടാണ് സര്‍ക്കാര്‍ വന്‍കിട പദ്ധതി പ്രഖ്യാപിക്കുന്നതെന്നും സൂചനയുണ്ട്.

Top