സര്‍വീസുകള്‍ മെയ് 12 മുതല്‍ ആരംഭിക്കുമെന്ന് ഇന്ത്യന്‍ റെയില്‍വേ

ന്യൂഡല്‍ഹി: തെരഞ്ഞെടുത്ത തീവണ്ടി സര്‍വീസുകള്‍ മെയ് 12 മുതല്‍ ആരംഭിക്കുമെന്ന് ഇന്ത്യന്‍ റെയില്‍വേ. ലോക്ക്ഡൗണ്‍ മൂന്ന് ഘട്ടം പിന്നിടാനിരിക്കെ ചരക്ക് ഗതാഗതം മാത്രമല്ല, യാത്രാ തീവണ്ടി സര്‍വീസുകള്‍ കൂടി ഘട്ടം ഘട്ടമായി തുടങ്ങാനാണ് ഇന്ത്യന്‍ റെയില്‍വേ തീരുമാനിച്ചിരിക്കുന്നത്.

ഡല്‍ഹിയും മുംബൈയും തിരുവനന്തപുരവും ചെന്നൈയും ബെംഗളുരുവും ഉള്‍പ്പടെ 15 നഗരങ്ങളുമായി ബന്ധപ്പെടുത്തുന്ന തീവണ്ടി സര്‍വീസുകളാണ് ചൊവ്വാഴ്ച്ച മുതല്‍ തുടങ്ങുന്നത്. ഈ സര്‍വീസുകളിലേക്ക് ഓണ്‍ലൈന്‍ വഴി നാളെ വൈകിട്ട് നാല് മണി മുതല്‍ ബുക്കിംഗ് ആരംഭിക്കും.

ഓണ്‍ലൈന്‍ വഴി മാത്രമേ ഈ തീവണ്ടി സര്‍വീസുകള്‍ക്ക് ബുക്കിംഗുണ്ടാകൂ എന്ന് റെയില്‍വേ അറിയിച്ചിട്ടുണ്ട്. സ്റ്റേഷനുകളിലെ ടിക്കറ്റ് കൗണ്ടറുകള്‍ ഒരു കാരണവശാലും തുറക്കില്ല. ടിക്കറ്റെടുക്കാന്‍ ആരും സ്റ്റേഷനുകളില്‍ വരരുതെന്നും റെയില്‍വേ അറിയിച്ചിട്ടുണ്ട്.

അതേ സമയം, സാധാരണക്കാര്‍ക്ക് താങ്ങാനാവുന്നതാണോ ടിക്കറ്റ് നിരക്ക് എന്ന കാര്യത്തില്‍ സ്ഥിരീകരണമുണ്ടായിട്ടില്ല. ട്രെയിനുകളില്‍ എ.സി കോച്ചുകള്‍ മാത്രമേ ഉണ്ടായിരിക്കൂവെന്ന് വ്യക്തമാക്കി റെയില്‍വേ അധികൃതര്‍. ഓടിത്തുടങ്ങുന്ന ട്രെയിനുകള്‍ക്ക് കുറഞ്ഞ സ്റ്റോപ്പുകള്‍ മാത്രമേ ഉണ്ടാകൂ. രാജധാനി എക്‌സ്പ്രസിന് സമാനമായ ഉയര്‍ന്ന നിരക്കാവും ട്രെയിനുകളില്‍ ഈടാക്കുക. യാത്രാ ഇളവുകള്‍ ലഭ്യമാവില്ല.

അതിഥിത്തൊഴിലാളികള്‍ക്കായി ശ്രമിക് തീവണ്ടികള്‍ ഏര്‍പ്പെടുത്തിയതിന് പിന്നാലെ ആദ്യമായാണ് ഇന്ത്യന്‍ റെയില്‍വേ കൂടുതല്‍ തീവണ്ടികള്‍ ഏര്‍പ്പെടുത്തുന്നത്. https://www.irctc.co.in/ എന്ന വെബ്‌സൈറ്റ് വഴി തന്നെയാകും ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് നടത്തുക. ദിബ്രുഗഢ്, അഗര്‍ത്തല, ഹൗറ, പട്‌ന, ബിലാസ്പൂര്‍, റാഞ്ചി, ഭുബനേശ്വര്‍, സെക്കന്തരാബാദ്, ബെംഗളുരു, ചെന്നൈ, തിരുവനന്തപുരം, മഡ്ഗാവ്, മുംബൈ സെന്‍ട്രല്‍, അഹമ്മദാബാദ്, ജമ്മുതാവി എന്നീ സ്റ്റേഷനുകളെ ബന്ധിപ്പിക്കുന്ന 15 തീവണ്ടികളാണ് ആദ്യഘട്ടത്തില്‍ ഉണ്ടാകുക.

ഇതിന് ശേഷവും ലഭ്യമായ കോച്ചുകള്‍ ഉപയോഗിച്ച് കൂടുതല്‍ പ്രത്യേക സര്‍വീസുകള്‍ തുടങ്ങുമെന്നും കേന്ദ്രറെയില്‍വേ മന്ത്രാലയം വ്യക്തമാക്കിട്ടുണ്ട്. നിലവില്‍ 20,000 കോച്ചുകളെ കൊവിഡ് കെയര്‍ സെന്ററുകളാക്കി മാറ്റിയിരിക്കുകയാണ് റെയില്‍വേ. മാത്രമല്ല, 300 തീവണ്ടികള്‍ ശ്രമിക് സ്‌പെഷ്യല്‍ തീവണ്ടികളാണ്. ഇവ അതിഥിത്തൊഴിലാളികള്‍ക്ക് വേണ്ടി മാത്രമുള്ളതാണ്.

ഓണ്‍ലൈന്‍ വഴി എടുത്ത ടിക്കറ്റുകള്‍ ഉള്ളവരെ മാത്രമേ റെയില്‍വേ സ്റ്റേഷനുകളിലേക്ക് സാമൂഹിക അകലം പാലിച്ച് കടത്തിവിടൂ. എല്ലാ യാത്രക്കാരും മുഖത്ത് മാസ്‌കുകള്‍ ധരിക്കണമെന്ന് നിര്‍ബന്ധമാണ്. യാത്ര തുടങ്ങുന്ന ഇടത്ത് കൃത്യമായ പരിശോധനകളുണ്ടാകും. രോഗലക്ഷണങ്ങളില്ലാത്തവരെ മാത്രമേ യാത്ര ചെയ്യാന്‍ അനുവദിക്കൂവെന്നും റെയില്‍വേ മന്ത്രാലയം വ്യക്തമാക്കിട്ടുണ്ട്.

Top