നാഗമ്പടത്തെ പഴയപാലം വീണ്ടും പൊളിക്കുന്നു; മെയ് 25 ന് കോട്ടയം റൂട്ടില്‍ ട്രെയിന്‍ ഉണ്ടാകില്ല

കോട്ടയം: ആദ്യ ശ്രമം പരാജയപ്പെട്ടു എങ്കിലും നിയന്ത്രിത സ്‌ഫോടനത്തിലൂടെ നാഗമ്പടത്തെ പഴയപാലം വീണ്ടും പൊളിക്കാനൊരുങ്ങുന്നു. മെയ് 25 നാണ് രണ്ടാമത്തെ ശ്രമം നടത്തുന്നത്. ശനിയാഴ്ച കോട്ടയം റൂട്ട് വഴി ട്രെയിന്‍ ഗതാഗതം ഉണ്ടാവില്ല. ഇത് വഴി പോകേണ്ട ദീര്‍ഘദൂര ട്രെയിനുകള്‍ ആലപ്പുഴ വഴി തിരിച്ച് വിടുമെന്ന് റെയില്‍വെ വ്യക്തമാക്കി.

കഴിഞ്ഞ മാസം നാഗമ്പടത്തെ പഴയപാലം നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകര്‍ക്കാനുള്ള ശ്രമം തല്‍ക്കാലികമായി ഉപേക്ഷിച്ചിരുന്നു. ചെറുസ്‌ഫോടക വസ്തുകള്‍ ഉപയോഗിച്ച് നിയന്ത്രിത സ്‌ഫോടനത്തിലൂടെ പാലം തകര്‍ക്കാനുള്ള രണ്ട് ശ്രമങ്ങളും പരാജയപ്പെട്ടതോടെയാണ് ശ്രമം ഉപേക്ഷിച്ചത്. പാത ഇരട്ടിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ പാലം നിര്‍മ്മിച്ചതിനെ തുടര്‍ന്നാണ് പഴയ പാലം പൊളിക്കാന്‍ തീരുമാനിച്ചത്.

1953ലാണ് നാഗമ്പടം പാലം നിര്‍മ്മിക്കുന്നത്. കോട്ടയം പാത വൈദ്യുതീകരിച്ചപ്പോള്‍ ചെറുതായൊന്നുയര്‍ത്തി. എന്നാല്‍ പാലത്തിന് വീതി കുറവായതിനാല്‍ കോടതി ഉത്തരവ് പ്രകാരം ഇവിടം വേഗത കുറച്ചാണ് ട്രെയിനുകള്‍ കടത്തിവിട്ടിരുന്നത്.

Top