തമിഴ്‌നാട്ടില്‍ ട്രെയിന്‍ ഇടിച്ചു യുവതി മരിച്ചു; മകന്‍ തലനാരിഴയ്ക്കു രക്ഷപ്പെട്ടു

ചെന്നൈ: തമിഴ്‌നാട്ടില്‍ തിരുട്ടാനി റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനിടിച്ച് യുവതി മരിച്ചു. തിരുവല്ലൂര്‍ സ്വദേശിയായ ലക്ഷ്മണന്റെ ഭാര്യ രേവതിയാണ് ട്രെയിന്‍ തട്ടി മരിച്ചത്. ഇതിനിടെ ട്രെയിന്‍ വരുന്നത് കണ്ട് രേവതി മകനെ പ്ലാറ്റ്‌ഫോമിലേക്ക് മാറ്റിയിരുന്നു. അതിനാല്‍ പന്ത്രണ്ടുകാരനായ ധനുഷ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു.

ചെന്നൈയില്‍ ബന്ധുവിന്റെ വീട്ടില്‍ നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെയാണ് രേവതിയ്ക്ക് അപകടം സംഭവിച്ചത്. ഭര്‍ത്താവായ ലക്ഷ്മണന്‍ ബൈക്ക് പാര്‍ക്ക് ചെയ്യാന്‍ പോയ സമയത്ത് ധനുഷുമായി രേവതി രണ്ടാം പ്ലാറ്റ്‌ഫോമിലേക്ക് പോകുന്നതിന് ട്രാക്ക് മുറിച്ചു കടക്കാന്‍ പാളത്തിലേക്ക് ഇറങ്ങിയതായിരുന്നു. ചെന്നൈ സെന്‍ട്രലില്‍ നിന്ന് വരുന്ന അഹമ്മദാബാദ് എക്‌സ്പ്രസ് ഇതേ സമയം ട്രാക്കിലൂടെ വന്നത് രേവതി ശ്രദ്ധിച്ചില്ല. എന്നാല്‍, യാത്രക്കാര്‍ അലറി വിളിച്ചെങ്കിലും മകനെ രക്ഷപ്പെടുത്താന്‍ മാത്രമാണ് രേവതിയ്ക്കു സാധിച്ചത്.

Top