230 ട്രെയിനുകളില്‍ എല്ലാ ക്ലാസ്സുകളിലേക്കും ബുക്കിങ് ആരംഭിച്ചു: റെയില്‍വേ മന്ത്രാലയം

ന്യൂഡല്‍ഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സര്‍വ്വീസ് നടത്തുന്ന 230 ട്രെയിനുകളില്‍ എല്ലാ ക്ലാസ്സുകളിലേക്കും ബുക്കിങ് ആരംഭിച്ചതായി റെയില്‍വേ മന്ത്രാലയം. പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈനായോ റെയില്‍വേ സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടറുകളില്‍ നിന്ന് നേരിട്ടോ ടിക്കറ്റ് ബുക്ക് ചെയ്യാം.

ജൂണ്‍ ഒന്ന് മുതലാണ് ട്രെയിനുകള്‍ ഓടിത്തുടങ്ങുകയെന്നും ഇതുവരെ ഓണ്‍ലൈനിലൂടെ 13 ലക്ഷത്തിലധികം ആളുകള്‍ ടിക്കറ്റ് ബുക്ക് ചെയ്‌തെന്നും റെയില്‍വേ അറിയിച്ചു.

അതേസമയം, റിസര്‍വേഷന്‍ കേന്ദ്രങ്ങള്‍, ജനസേവ കേന്ദ്രങ്ങള്‍, ഏജന്റ്, ഓണ്‍ലൈന്‍ മുതലായ സംവിധാനങ്ങളിലൂടെ ഇന്ന് മുതല്‍ ടിക്കറ്റ് ബുക്കിങ് ആരംഭിക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി പീയുഷ് ഗോയലും ഇന്നലെ അറിയിച്ചിരുന്നു.

ടിക്കറ്റ് മുന്‍കൂട്ടി ബുക്ക് ചെയ്ത് മാത്രമേ യാത്ര നടത്താന്‍ സാധിക്കുകയുള്ളൂ. ജനറല്‍ ബോഗികളും റിസര്‍വേഷന്‍ കോച്ചുകളാക്കുമെന്നും സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് മാത്രമേ യാത്ര അനുവദിക്കുകയുള്ളൂവെന്നും നേരത്തെ റെയില്‍വേ അറിയിച്ചിരുന്നു.

Top