ബജറ്റില്‍ കൂടുതല്‍ തുക വകയിരുത്തുമെന്നുള്ള പ്രതീക്ഷയില്‍ റെയില്‍വേ അനുബന്ധ മേഖലകളിലെ ഓഹരികള്‍ മികച്ച നേട്ടത്തില്‍. പത്തു വര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ 2023-24 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് വിഹിതത്തില്‍ ഒമ്പത് ഇരട്ടി വര്‍ധനവാണ് കാണാന്‍ കഴിയുക. നടപ്പ് സാമ്പത്തിക വര്‍ഷം മാത്രം 2.4 ലക്ഷം കോടി രൂപയാണ് റെയില്‍വേയ്ക്ക് ലഭിച്ചത്.
വന്ദേഭാരത് ട്രെയിനുകള്‍, സ്റ്റേഷനുകളുടെ നവീകരണം, പുതിയ പാതകള്‍ തുടങ്ങിയവയ്ക്കാണ് പണമേറെയും ചെലവഴിച്ചത്. റെയില്‍ അനുബന്ധ കമ്പനികള്‍ ഇത് നേട്ടമാക്കുകയും ചെയ്തു.
2024ലും വന്‍ പദ്ധതികളാണ് റെയില്‍വേയ്ക്ക് മുന്നിലുള്ളത്. ബജറ്റില്‍ അതിന് ആനുപാതികമായി തുക വകയിരുത്തുമെന്നും പ്രതീക്ഷിക്കുന്നു. സുരക്ഷാ സംവിധാനങ്ങള്‍ നവീകരിക്കല്‍, ബുള്ളറ്റ് ട്രെയിന്‍ പോലുള്ള അത്യാധുനിക യാത്ര സംവിധാനങ്ങള്‍ എന്നിവയ്ക്കായുള്ള നീക്കിയിരിപ്പുകള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
നേട്ടമുണ്ടാക്കിയ ഓഹരികള്‍
റെയില്‍ വികാസ് നിഗം ലിമിറ്റഡ്(ആര്‍.വി.എന്‍.എല്‍), ഇന്ത്യന്‍ റെയില്‍വേ ഫിനാന്‍സ് കോര്‍പറേഷന്‍, ഇര്‍കോണ്‍ ഇന്റര്‍നാഷണല്‍, എന്‍ബിസിസി(ഇന്ത്യ), റെയില്‍ടെല്‍ കോര്‍പറേഷന്‍ ഓഫ് ഇന്ത്യ, ടെക്‌സ്മാകോ റെയില്‍ ആന്‍ഡ് എന്‍ജിനിയറിങ് എന്നീ ഓഹരികളിലാണ് കുതിപ്പുണ്ടായത്.
ആര്‍വിഎന്‍എലിന്റെ ഓഹരിയില്‍ ദിനംപ്രതിയെന്നോണം കുതിപ്പ് തുടരുകയാണ്. 52 ആഴ്ചയിലെ താഴ്ന്ന നിലവാരം 35 രൂപയാണ്. ഇപ്പോഴത്തെ വിലയാകട്ടെ 320 രൂപയും. ഐആര്‍എഫ്‌സി 25.40 രൂപയില്‍നിന്ന് 176 നിലവാരത്തിലേക്കും ഇര്‍കോണ്‍ ഇന്റര്‍നാഷണല്‍ 50 രൂപയില്‍നിന്ന് 271 ലേക്കും എന്‍ബിസിസി 30 രൂപയില്‍നിന്ന് 94 രൂപ നിലവാരത്തിലേയ്ക്കുമെത്തി. റെയില്‍ടെലിന്റെ ഓഹരി വില 96 രൂപയില്‍നിന്ന് 453 രൂപയിലേയ്ക്കാണ് ഉയര്‍ന്നത്. ടെക്‌സ്മാകോ 40 രൂപ നിലവാരത്തില്‍നിന്ന് 225 രൂപുമായി.
ഓര്‍ഡര്‍ ബുക്ക് നിറഞ്ഞു കവിഞ്ഞതിനാല്‍ 2023 മുതല്‍ 2026 വരെ 17 ശതമാനം വരുമാന വളര്‍ച്ചയാണ് റെയില്‍ അനുബന്ധ കമ്പനികള്‍ പ്രതീക്ഷിക്കുന്നത്. മികച്ച ആഭ്യന്തര ആവശ്യകതയും സ്വകാര്യ-പൊതു ചെലവുകളിലെ വര്‍ധനവും മികച്ച സാധ്യതകളാണ് കമ്പനികള്‍ക്ക് നല്‍കുന്നത്.
2024-25 സാമ്പത്തിക വര്‍ഷത്തില്‍ റെയില്‍വേയ്ക്കായി മൂന്ന് ലക്ഷം കോടി രൂപയുടെയെങ്കിലും ബജറ്റ് വിഹിതം നീക്കിവെയ്ക്കുമെന്നാണ് കെയര്‍എഡ്ജ് റേറ്റിങ്‌സിന്റെ വിലയിരുത്തല്‍. മൂന്‍വര്‍ഷത്തെ അപേക്ഷിച്ച് 25 ശതമാനമാണ് പ്രതീക്ഷിക്കുന്ന വര്‍ധന.
കുറഞ്ഞ ഊര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന വന്ദേഭാരത് ട്രെയിനുകളുടെ തദ്ദേശീയമായ ഉത്പാദനം റെയില്‍വേയുടെ പ്രധാന പദ്ധതികളില്‍ ഉള്‍പ്പെടുന്നു. ചരക്ക് ഇടനാഴികള്‍, വെയര്‍ഹൗസിങ്, കണ്ടെയ്‌നര്‍ ചരക്ക് ടെര്‍മിനലുകള്‍ തുടങ്ങിയവയ്ക്കായി കൂടുതല്‍ ബജറ്റില്‍ പ്രതീക്ഷിക്കുന്നുണ്ട്. ദേശിയ ചരക്ക്‌നീക്ക നയം, പിഎം ഗതിശക്തി എന്നിവയുമായി ബന്ധപ്പെടുത്തി തീരുവ യുക്തിസഹമാക്കുന്നതിനും സ്വകാര്യ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള പദ്ധതികള്‍ പ്രഖ്യേപിച്ചേക്കാം.
2022-23 സാമ്പത്തിക വര്‍ഷത്തില്‍ നിരവധി പദ്ധതികള്‍ക്ക് റെയില്‍വേ ടെന്‍ഡര്‍ നടപടികള്‍ തുടങ്ങിയെങ്കിലും കാലതാമസം നേരിടുന്നവയും കുറവല്ല. നടപടിക്രമങ്ങളിലെ പ്രശ്‌നങ്ങളും ഏകോപനമില്ലായ്മയും മൂലം ഭാരത് നെറ്റ് റൂറല്‍ ബ്രോഡ്ബാന്‍ഡ് പദ്ധതി 12 വര്‍ഷത്തോളമായി മുടങ്ങിക്കിടക്കുകയാണ്. ഹുബ്ലി-അങ്കോള പുതിയ പാത, ഡല്‍ഹി-ഗാസിയാബാദ്-മീററ്റ് റീജിയണല്‍ റാപ്പിഡ് ട്രാന്‍സിസ്റ്റ് സിസ്റ്റം, ബെംഗളുരു-ചെന്നൈ എക്‌സ്പ്രസ് വേ നാലുവരിപ്പാത എന്നിവയാണ് വൈകുന്ന മറ്റ് പ്രധാന പദ്ധതികള്‍.