ഹൈബിയുടെ ഇടപെടല്‍; ‘പഴംപൊരിയും പൊറോട്ടയും മീന്‍ കറി ഊണും’തിരികെ

കൊച്ചി: റെയില്‍വേ വെജിറ്റേറിയന്‍ റിഫ്രഷ്‌മെന്റ് റൂമുകളിലും റെസ്റ്റോറന്റുകളിലും കേരളീയ ഭക്ഷണം ഒഴിവാക്കിയതിനെതിരെ ഹൈബി ഈഡന്‍ ഇടപെട്ടതില്‍ ഫലം കണ്ടു. മെനുവില്‍ കേരള വിഭവങ്ങള്‍ തിരികെ കൊണ്ടുവന്നിരിക്കുകയാണ് ഐ ആര്‍ സി ടി സി.

ഭക്ഷണ സാധനങ്ങളുടെ വില കുത്തനെ വര്‍ധിപ്പിച്ചതും മെനുവില്‍ നിന്ന് കേരള വിഭവങ്ങള്‍ ഒഴിവാക്കുന്നതായി വാര്‍ത്ത വന്നതിന് പിന്നാലെ എറാണാകുളം എംപി ഹൈബി ഈഡന്‍ ഇതുസംബന്ധിച്ച് ഐആര്‍ടിസി ചെയര്‍മാനെ ബന്ധപ്പെട്ടെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ ഹൈബിയുടെ ഇടപെടല്‍ ഫലം കണ്ടിരിക്കുകയാണ്.

ഹൈബിയുടെ വീട്ടിലെത്തിയാണ് അധികൃതര്‍ ഈ വിവരം രേഖാമൂലം അറിയിച്ചത്. ഇക്കാര്യവും അദ്ദേഹം ഫെയ്‌സ്ബുക്കിലൂടെയാണ് കുറിച്ചത്.

‘നമ്മുടെ പഴം പൊരിയും പൊറോട്ടയും മീന്‍ കറി ഊണും ഇല്ലാതെ ട്രെയിന്‍ ഓടാന്‍ നമ്മള്‍ സമ്മതിക്കൂല..ഐ.ആര്‍.സി.ടി.സി അധികൃതര്‍ രാവിലെ വീട്ടില്‍ വന്നിരുന്നു. മെനുവില്‍ കേരള വിഭവങ്ങള്‍ എല്ലാം ഉള്‍പ്പെടുത്തിയതായി രേഖ മൂലം അറിയിച്ചു’. ചിത്രമടക്കംപങ്കുവച്ചു.

ചെറിയ കാര്യമാണെങ്കില്‍ പോലും അതില്‍ ഇടപെട്ട് ജനങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ ശ്രമിക്കുന്ന എംപിയെ അഭിനന്ദിച്ച് നിരവധിപേരാണ് രംഗത്തെത്തിയിരിക്കുന്നത്.

Top