മൂന്നു വയസ്സുകാരിയെ രക്ഷിക്കാൻ തീവണ്ടി നിർത്താതെ ഓടിച്ച് റെയിൽവേ

ഭോപ്പാൽ : ഒക്ടോബർ 25 നാണ് മധ്യപ്രദേശിലെ ലളിത് പൂർ എന്ന സ്ഥലത്തു നിന്ന് മൂന്നു വയസ്സുള്ള ഒരു കുഞ്ഞിനെ ഒരാൾ തട്ടിക്കൊണ്ടുപോയത്. ഈ വിവരം റെയിൽ സംരക്ഷണ സേനയുടെ അധികാരികൾക്ക് ലഭിച്ചു. ലളിത് പൂരിൽ നിന്ന് ഭോപ്പാൽ വഴി പോകുന്ന രപ്തി സാഗർ എക്സ്പ്രസിലാണ് ഇയാൾ കുഞ്ഞിനെയും കൊണ്ട് കയറിയത്. ഇത് മനസിലാക്കിയ അധികാരികൾ ഭോപ്പാലിൽ ഉള്ള തീവണ്ടി സിഗ്നൽ നിയന്ത്രണ കേന്ദ്രത്തിന് അതിനിർണായകമായ ഒരു നിർദേശം കൈമാറി. ഈ ക്രിമിനലിനെ കണ്ടെത്തി കുഞ്ഞിനെ വീണ്ടെടുക്കും വരെ ട്രെയിൻ ഒരു സ്റ്റേഷനിലും നിർത്തരുത്. എവിടെയെങ്കിലും നിർത്തിയാൽ ഇയാൾ കുഞ്ഞിനേയും കൊണ്ട് കടന്നു കളഞ്ഞാലോ എന്നോർത്താണ് ഇത്തരത്തിൽ ഒരു തീരുമാനത്തിൽ അധികാരികൾ എത്തിയത്.

ലളിത്പൂരിൽ നിന്നും കാണാതായ കുഞ്ഞ് റോസ് നിറത്തിലുള്ള ഒരു കുപ്പായവും ഈ ക്രിമിനൽ ക്രീം നിറത്തിലുള്ള ഷർട്ടും കറുത്ത പാന്റ്സും ആണ് ധരിച്ചിട്ടുള്ളത് എന്ന വിവരവും ജിആർപിക്ക് കിട്ടി. എന്ന് മാത്രമല്ല, ഇയാൾ ചെരുപ്പിടാതെയാണ് യാത്ര ചെയ്യുന്നത് എന്ന വിവരവും അധികാരികൾക്ക് ലഭ്യമായി. ഉടനെ തന്നെ തെല്ലും സമയം പാഴാക്കാതെ തന്നെ തീവണ്ടിയ്ക്കുള്ളിൽ നിയുക്തരായിരുന്ന ജിആർപി ജവാന്മാർക്കും വിവരം കൈമാറപ്പെട്ടു. അവർ തീവണ്ടിക്കുള്ളിലൂടെ തിരഞ്ഞുചെന്ന് ഇയാളെ കണ്ടെത്തിയെങ്കിലും, ഓടുന്ന ട്രെയിനിൽ വെച്ച് പിടിക്കാൻ ശ്രമിക്കരുത് എന്ന നിർദേശമുണ്ടായിരുന്നതിനാൽ അവർ ദൂരെ നിന്ന് ഈ അപഹർത്താവിനെയും കുട്ടിയേയും നിരീക്ഷിക്കുക മാത്രം ചെയ്തു.

ഭോപ്പാലിൽ തീവണ്ടി ചെന്നുനിൽക്കുമ്പോൾ മതി രക്ഷാ നടപടി എന്നായിരുന്നു അധികാരികളുടെ തീരുമാനം. നിശ്ചയിച്ച പോലെ തന്നെ തീവണ്ടി നിന്നപാടേ അപഹർത്താവിനുമേൽ ചുറ്റും വളഞ്ഞു നിന്ന പൊലീസ് ജിആർപി ഓഫീസർമാർ ചാടിവീണ് അയാളെ കീഴടക്കി. ഇയാളുടെ പക്കൽ ഉണ്ടായിരുന്ന മൂന്നുവയസ്സുകാരിയെ മോചിപ്പിക്കുകയും ചെയ്തു.

Top