കോവിഡ് കാലത്ത് നിര്‍ത്തലാക്കിയ റെയില്‍വേ ആനുകൂല്യങ്ങള്‍ ഇനിയില്ല: കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: കോവിഡ് മഹാമാരിയുടെ മറവില്‍ റെയില്‍വേ നിര്‍ത്തിവച്ച യാത്രാ ഇളവുകള്‍ പുനഃസ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്രം. മുതിര്‍ന്ന പൗരന്‍മാര്‍, പൊലീസ് മെഡല്‍ ജേതാക്കള്‍, ദേശീയ പുരസ്‌കാരം നേടിയ അധ്യാപകര്‍, സൈനികരുടെയും പൊലീസുകാരുടെയും വിധവകള്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങി 53 വിഭാഗത്തിലാണ് യാത്രാ ഇളവുകള്‍ നല്‍കിയിരുന്നത്. ഇതില്‍ 37 വിഭാഗത്തിനുള്ള ഇളവുകള്‍ സര്‍ക്കാര്‍ നിര്‍ത്തലാക്കി. അവ പുനഃസ്ഥാപിക്കാന്‍ കഴിയില്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് കഴിഞ്ഞദിവസം രാജ്യസഭയെ അറിയിച്ചു.

ഇളവുകള്‍ ഇല്ലാതാക്കിയതോടെ 2020 മാര്‍ച്ച് മുതല്‍ 2021 സെപ്തംബര്‍വരെയുള്ള കാലയളവില്‍ നാലുകോടിയോളം മുതിര്‍ന്നപൗരന്‍മാര്‍ക്കാണ് മുഴുവന്‍ നിരക്കും നല്‍കി യാത്രചെയ്യേണ്ടിവന്നതെന്ന് വിവരാവകാശരേഖകള്‍ വ്യക്തമാക്കുന്നു. മുതിര്‍ന്ന പൗരന്‍മാരായ പുരുഷന്‍മാര്‍ക്ക് എല്ലാക്ലാസിലും 40 ശതമാനവും സ്ത്രീകള്‍ക്ക് 50 ശതമാനവുമായിരുന്നു ഇളവ്. സാമ്പത്തികപ്രതിസന്ധിയെന്നാണ് ഇളവുകള്‍ പുനഃസ്ഥാപിക്കാത്തതിന് കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം.

യാത്രയ്ക്കായി റെയില്‍വേയെ ആശ്രയിക്കുന്ന ദരിദ്രരെയും സാധാരണക്കാരെയും ദുരിതത്തിലാക്കുന്ന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വിവിധ സംസ്ഥാനങ്ങളില്‍ പ്രതിഷേധം ശക്തമാണ്. കോര്‍പറേറ്റുകള്‍ക്ക് വന്‍ നികുതി ഇളവുകള്‍ അനുവദിക്കുന്ന മോദി സര്‍ക്കാരിന്റെ ഈ നടപടി കടുത്ത അനീതിയാണെന്ന വിമര്‍ശം ശക്തം. നിര്‍ത്തിവച്ച ഇളവുകള്‍ എത്രയുംവേഗം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് വി ശിവദാസന്‍ എംപി റെയില്‍മന്ത്രിക്ക് കത്ത് നല്‍കിയിരുന്നു.

 

Top