സിൽവർ ലൈൻ; ഡിപിആർ അപൂർണം, പദ്ധതിക്കുളളത് തത്വത്തിൽ അനുമതി മാത്രം: റെയിൽവേ ബോർഡ്

ഡൽഹി: സില്‍വര്‍ ലൈന്‍ പദ്ധതിക്ക് തത്വത്തില്‍ അനുമതി മാത്രമേയുള്ളൂവെന്നാവര്‍ത്തിച്ച് റെയില്‍വേ ബോര്‍ഡ്. ഡിപിആര്‍ അപൂര്‍ണമാണ്. ആവശ്യപ്പെട്ട കൂടുതല്‍ സാങ്കേതിക വിവരങ്ങള്‍ ലഭ്യമാക്കിയിട്ടില്ല.

സാമ്പത്തിക പ്രായോഗികത കൂടി പരിഗണിച്ചേ തുടര്‍ നടപടിയുണ്ടാകൂയെന്ന് റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ വ്യക്തമാക്കി. കൊടിക്കുന്നില്‍ സുരേഷ് എംപിക്ക് നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

സില്‍വര്‍ ലൈന്‍ പദ്ധതിയ്ക്ക് സാമ്പത്തിക അനുമതി നല്‍കിയിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചിരുന്നു. സാമൂഹികാഘാത പഠനത്തിനായി സംസ്ഥാന സര്‍ക്കാര്‍ റെയില്‍വേയെ സമീപിച്ചിട്ടില്ലെന്നാണ് കേന്ദ്രം പറയുന്നത്.

സര്‍വേയുടെ പേരില്‍ റെയില്‍വേ ഭൂമിയില്‍ കല്ലിടരുതെന്ന് രേഖാമൂലം നിര്‍ദേശം നല്‍കിയിരുന്നെന്നും കേന്ദ്രം ഹൈക്കോടതിയില്‍ അറിയിച്ചു. സര്‍വേ നടക്കുന്ന ഭൂമിയ്ക്ക് വായ്പ ലഭ്യമാകുന്നതില്‍ പ്രശ്‌നങ്ങളില്ലെന്ന് സംസ്ഥാന സര്‍ക്കാരും കോടതിയെ അറിയിച്ചു. കെ റെയില്‍ കല്ലിടലിനെതിരായ ഹര്‍ജികള്‍ ഹൈക്കോടതി ഇനി വേനലവധിയ്ക്ക് ശേഷം പരിഗണിക്കും.

 

Top