പലതവണ കത്തയച്ചിട്ടും കെ-റെയില്‍ മറുപടി നല്‍കിയില്ലെന്ന് ഹൈക്കോടതിയില്‍ റെയില്‍വേ ബോര്‍ഡ്

കൊച്ചി: സില്‍വര്‍ലൈന്‍ പദ്ധതിയുടെ ഡിപിആര്‍ സംബന്ധിച്ച വിശദാംശങ്ങള്‍ കെ-റെയില്‍ കോര്‍പറേഷന്‍ ഇതുവരെ നല്‍കിയിട്ടില്ലെന്ന് റെയില്‍വേ ബോര്‍ഡ് ഹൈക്കോടതിയില്‍ വ്യക്തമാക്കി. അലൈന്‍മെന്റ് ആവശ്യമായി വരുന്ന സ്വകാര്യഭൂമി, റെയില്‍വേ ഭൂമി തുടങ്ങിയ വിശദാംശങ്ങളാണ് കൈമാറാത്തത്. വിശദീകരണം തേടി പലതവണ കെ റെയിലിന് കത്തുകളയച്ചുവെങ്കിലും മറുപടിയില്ല എന്നും റെയില്‍വേ ബോര്‍ഡ് ഹൈക്കോടതിയെ അറിയിച്ചു.

സില്‍വര്‍ ലൈനില്‍ നിന്ന് സര്‍ക്കാരും കെ-റെയില്‍ കോര്‍പറേഷനും പിന്നോട്ടുപോകുന്നു എന്നതിന്റെ സൂചനകള്‍ നേരത്തെ ഉണ്ടായിരുന്നു. അത് ബലപ്പെടുത്തുന്ന വിവരങ്ങളാണ് റെയില്‍വേ ഇപ്പോള്‍ ഹൈക്കോടതിയില്‍ നല്‍കിയിരിക്കുന്നത്. സില്‍വര്‍ലൈന്‍ പദ്ധതിയുടെ ഡിപിആറിന് കേന്ദ്ര റെയില്‍വേ മന്ത്രാലയം ഇതുവരെ അനുമതി നല്‍കിയിരുന്നില്ല. പദ്ധതിയില്‍ ചില സംശയങ്ങളുണ്ട് എന്ന നിലപാടായിരുന്നു കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്. അതില്‍ മാറ്റമുണ്ടോ എന്ന് ഹൈക്കോടതി കേന്ദ്രസര്‍ക്കാരിനോട് ആരാഞ്ഞിരുന്നു. ആ ഘട്ടത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ഇതുസംബന്ധിച്ച മറുപടി ഹൈക്കോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്നത്.

സില്‍വര്‍ ലൈനിന്റെ ഡിപിആര്‍ സംബന്ധിച്ച് വിശദീകരണം ആവശ്യപ്പെട്ട് നിരവധി കത്തുകള്‍ ഇതിനോടകം കെ റെയില്‍ കോര്‍പറേഷന് റെയില്‍വേ നല്‍കിക്കഴിഞ്ഞു. പക്ഷെ ഒരു മറുപടിയും ഇതുവരെ ലഭിച്ചിട്ടില്ല എന്നാണ് മറുപടിയില്‍ വ്യക്തമായി പറയുന്നത് അലൈന്‍മെന്റ്, ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, എത്ര സ്വകാര്യഭൂമി പദ്ധതിയ്ക്ക് ആവശ്യമായി വരും, എത്ര റെയില്‍വേ ഭൂമി ഏറ്റെടുക്കേണ്ടി വരും എന്നീ വിവരങ്ങള്‍ തേടിയാണ് കെ റെയില്‍ കോര്‍പറേഷന് പലതവണ കത്തയതച്ചത്.

Top