കൂടത്തായി: ലീഗ് നേതാവ് ഇമ്പിച്ചി മൊയ്ദീന്റെ വീട്ടില്‍ മിന്നല്‍ റെയ്ഡ്

കൂടത്തായിയില്‍ ജോളിയുടെ അയല്‍ക്കാരനായ മുസ്ലിം ലീഗ് ശാഖാ പ്രസിഡന്റ് ഇമ്പിച്ചി മൊയ്ദീന്റെ വീട്ടില്‍ പൊലീസ് റെയ്ഡ്. എന്നാല്‍ പരിശോധനയില്‍ റേഷന്‍ കാര്‍ഡോ, ഭൂനികുതി രേഖകളോ ഉള്‍പ്പടെ ഒന്നും പൊലീസിന് കണ്ടെടുക്കാനായില്ല. അറസ്റ്റിന് തൊട്ടുമുമ്പ് ഈ രേഖകളെല്ലാം ഇമ്പിച്ചി മൊയ്ദീനെ ഏല്‍പിച്ചു എന്നായിരുന്നു ജോളിയുടെ മൊഴി. പൊന്നാമറ്റം വീടിന്റെ തൊട്ടടുത്താണ് ഇമ്പിച്ചി മൊയ്ദീന്റെ വീട്.

പൊലീസിന്റെ പിടിയിലാകുന്നതിനു മുമ്പ് ജോളി മുസ്ലീംലീഗ് പ്രാദേശിക നേതാവ് ഇമ്പിച്ചിമൊയ്തീനെ നിരവധി തവണ വിളിച്ചിരുന്നതായി ഫോണ്‍ രേഖകള്‍ പൊലീസിന് ലഭിച്ചിരുന്നു. എന്നാല്‍ തനിക്ക് വേണ്ടി വക്കീലിനെ ഏര്‍പ്പാടാക്കി തരണമെന്നാവശ്യപ്പെട്ടാണ് ജോളി വിളിച്ചതെന്നാണ് ഇമ്പിച്ചിമൊയ്തീന്‍ പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്.

കൂടത്തായി കൊലപാതകക്കേസില്‍ പിടിയിലാകുന്നതിന് രണ്ടു ദിവസം മുമ്പാണ് ജോളി ഇമ്പിച്ചിമൊയ്തീനെ നിരന്തരം ഫോണില്‍ വിളിച്ചത്. ഈ സമയത്ത് ജോളി അദ്ദേഹത്തെ നേരില്‍ ചെന്ന് കാണുകയും ചെയ്തിരുന്നു. വക്കീലിനെ ഏര്‍പ്പാടാക്കിത്തരണമെന്ന് ജോളി ആവശ്യപ്പെട്ടിരുന്നതായും കാര്യമെന്താണെന്ന് പറഞ്ഞിരുന്നില്ലെന്നും ഇമ്പിച്ചിമൊയ്തീന്‍ പൊലീസിന് മൊഴിനല്‍കി.ഒരു വക്കീലുമായി താന്‍ ജോളിയെ സമീപിച്ചിരുന്നു. എന്നാല്‍, അപ്പോഴേക്കും കോഴിക്കോട്ടുള്ള കസിന്‍ ബ്രദര്‍ വഴി വക്കീലിനെ ഏര്‍പ്പാടാക്കിയിട്ടുണ്ടെന്ന് ജോളി അറിയിച്ചതായും ഇമ്പിച്ചിമൊയ്തീന്‍ പൊലീസിനോട് പറഞ്ഞിരുന്നതാണ്.

Top