പോപ്പുലർ ഫ്രണ്ട് ഓഫീസുകളിലെ റെയ്ഡ്; വ്യാപക പ്രതിഷേധം

തിരുവനന്തപുരം : പതിനൊന്ന് സംസ്ഥാനങ്ങളിലെ പോപ്പുലർ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും എൻഐഎ നടത്തിയ റെയ്ഡിൽ നിരവധിപ്പേ‍ര്‍ കസ്റ്റഡിയിൽ. കേരളത്തിൽ നിന്നടക്കം 106 പേർ കസ്റ്റഡിയിലായെന്നാണ് റിപ്പോർട്ട്. കേരളത്തിൽ നിന്നും പോപ്പുലർ ഫ്രണ്ട് ദേശീയ പ്രസിഡന്റ്, സംസ്ഥാന പ്രസിഡന്റ് അടക്കമുള്ള നേതാക്കളെയാണ് ദേശീയ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. ദേശീയ പ്രസിഡന്റ് ഒഎംഎ സലാം, സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ്‌ ബഷീർ, ദേശീയ ജനറൽ സെക്രട്ടറി നസറുദീൻ എളമരം അടക്കമുള്ള നേതാക്കൾ എൻഐഎയുടെ കസ്റ്റഡിയിലാണ്. കേരളത്തിലും ദില്ലിയിലും രജിസ്റ്റർ ചെയ്ത കേസുകളിലാണ് എൻഐഎ നടപടി. റെയ്ഡിനെതിരെ ഓഫീസുകൾക്ക് മുന്നിലും നേതാക്കളുടെ വീടുകൾക്ക് മുന്നിലും പ്രവർത്തകർ പ്രതിഷേധിക്കുകയാണ്. ആ‍ര്‍ എസ് എസ് അജണ്ടയാണ് നടപ്പാക്കുന്നതെന്നും നേതാക്കളെ വിട്ടയച്ചില്ലെങ്കിൽ നാളെ ഹ‍ര്‍ത്താൽ നടത്തുമെന്നുമാണ് പോപ്പുല‍ര്‍ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി എ അബ്ദുൾ സത്താറിന്റെ പ്രതികരണം.

ഇന്ന് പുലർച്ചെയാണ് പോപ്പുല‍ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും റെയ്ഡ് തുടങ്ങിയത്. പോപ്പുലർ ഫ്രണ്ട് ഓഫീസുകളിൽ രാജ്യവ്യാപകമായി എൻഐഎ നടത്തുന്ന റെയിഡുകളിൽ ഇതുവരെ 106 പേർ അറസ്റ്റിലായതായാണ് പിടിഐ റിപ്പോർട്ട് ചെയ്യുന്നത്. ഭീകരവാദത്തെ സഹായിക്കുന്നവരെന്ന് സംശയിക്കുന്നവരുടെ വീടുകളിലും ഓഫീസുകളിലുമാണ് എൻഐഎ വ്യാപക റെയ്ഡ് നടത്തിയത്. കേരളത്തിൽ നിന്ന് 22 പേരെയും, കർണാടകം, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നായി 20 പേരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്ത്യയിൽ പോപ്പുലർ ഫ്രണ്ടിന് നേരെ ഇന്നോളം നടന്നിട്ടുള്ളതിൽ ഏറ്റവും വലിയ അന്വേഷണ നടപടിയാണ് ഇപ്പോൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നത്.

Top