പോപുലർ ഫ്രണ്ട് ഓഫീസുകളിലെ റെയ്ഡ്; ഉന്നത തലയോഗം വിളിച്ച് അമിത് ഷാ

ന്യൂഡല്‍ഹി: പോപുലര്‍ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും എന്‍.ഐ.എയും ഇ.ഡിയും നടത്തിയ രാജ്യവ്യാപക റെയ്ഡിനു പിന്നാലെ ഉന്നത തല യോഗം വിളിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കേരളവും തമിഴ്‌നാടും കര്‍ണാടകയും അടക്കമുള്ള വിവിധ സംസ്ഥാനങ്ങളില്‍ നടത്തിയ റെയ്ഡിന്റെ വിലയിരുത്തലാവും യോഗത്തില്‍ നടക്കുന്നതെന്നാണ് സൂചന.

കഴിഞ്ഞമാസം ആഗസ്റ്റ് 29ന് അമിത് ഷായുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ ഒരു ഉന്നത തല യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തില്‍ രാജ്യമെമ്പാടുമുള്ള പോപുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്താനുള്ള ചര്‍ച്ചകള്‍ നടന്നിരുന്നു എന്നാണ് വിവരം. ഇതിനു പിന്നാലെയാണ് ഇന്നത്തെ റെയ്ഡ്.

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, എന്‍.ഐ.എ മേധാവി എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. രാജ്യവ്യാപകമായി നടന്ന റെയ്ഡില്‍ 100ഓളം പി.എഫ്.ഐ നേതാക്കളെ എന്‍.ഐ.എ കസ്റ്റഡിയിലെടുത്തിരുന്നു. കേരളത്തില്‍ നിന്നും കസ്റ്റഡിയിലെടുത്ത 22 പേരില്‍ 10ലേറെ പേരുടെ അറസ്റ്റ് എന്‍ഐഎ രേഖപ്പെടുത്തിയിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ നേതാക്കളെ എത്രയും വേഗം ഡല്‍ഹിയിലെത്തിക്കാനുള്ള നീക്കമാണ് ഇരു അന്വേഷണ ഏജന്‍സികളും നടത്തുന്നത്.

 

 

Top