ജി.എന്‍.പി.സി അഡ്മിന്‍ അജിത് കുമാറിന്റെ വീട്ടില്‍ എക്‌സൈസ് റെയ്ഡ്‌

തിരുവനന്തപുരം: ഫേസ്ബുക്ക് കൂട്ടായ്മയായ ജി.എന്‍.പി.സി അഡ്മിന്‍ അജിത് കുമാറിന്റെ വീട്ടില്‍ എക്‌സൈസ് റെയ്ഡ്. സോഷ്യല്‍ മീഡിയ വഴി മദ്യപാനത്തെ പ്രോത്സാഹിപ്പിച്ചെന്ന് ആരോപിച്ച് ഗ്രൂപ്പ് അഡ്മിന്‍മാര്‍ക്കെതിരെ നേരത്തെ എക്‌സൈസ് കേസെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് തിരുവനന്തപുരം സ്വദേശി അജിത് കുമാറിന്റെ വീട്ടില്‍ പരിശോധന നടത്തിയത്.

എന്നാല്‍, ഗ്രൂപ്പിന്റെ മറവില്‍ ഇവര്‍ മദ്യവില്പന നടത്തിയതിന്റെ തെളിവുകളും റെയ്ഡില്‍ ലഭിച്ചിട്ടുണ്ടെന്നാണ് എക്‌സൈസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

പപ്പാനംകോട്ടെ വസതിയില്‍ നടത്തിയ റെയ്ഡില്‍ സമീപത്തെ ഹോട്ടലില്‍ വച്ച് മദ്യസല്‍ക്കാരം നടത്തിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇതിനായി തയ്യാറാക്കിയ ടിക്കറ്റും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ആദ്യ 2 പെഗ് മദ്യം സൗജന്യമായി നടല്‍കുന്ന പാര്‍ട്ടികളുടെ ടിക്കറ്റ് 1400 രൂപയ്ക്കാണ് വിറ്റിരുന്നത്. ഒരു എയര്‍ ഗണ്ണും കണ്ടെത്തിയിട്ടുണ്ട്.

മദ്യപാനം പ്രോല്‍സാഹിപ്പിക്കാന്‍ കുട്ടികളുടെ ഫോട്ടോ ഉപയോഗിക്കല്‍, മതസ്പര്‍ദ്ധയുണ്ടാക്കല്‍, ശ്രീനാരായണ ഗുരു അടക്കമുള്ള ആദ്ധ്യാത്മിക നേതാക്കളെ അപകീര്‍ത്തിപ്പെടുത്തുന്ന പോസ്റ്റുകളിട്ടതിനും പുതിയ കേസുകള്‍ റെജിസ്റ്റര്‍ ചെയ്യും.

അജിത് കുമാറിന് പുറമേ ഫേസ്ബുക്ക് പേജിന്റെ അഡ്മിന്‍മാരായ മറ്റ് 36 പേരും പ്രതികളാകും. പേജ് മരവിപ്പിക്കാന്‍ ഫേസ്ബുക്കിന് എക്‌സൈസ് വകുപ്പ് നാളെ കത്തും അയക്കും.

Top