ഹാഥ്റസിലെ ഫാക്ടറിയിൽ മിന്നൽ പരിശോധന;മായംചേർത്ത മസാലകൾ പിടിച്ചെടുത്തു

ഉത്തർപ്രദേശ് : യുപി ഹാഥ്റസിലെ ഒരു സ്‌പൈസസ് ഫാക്ടറിയിൽ നിന്ന് മായംചേർത്ത മസാലകൾ പിടിച്ചെടുത്തു. തിങ്കളാഴ്ച രാത്രി സ്‌പൈസസ് ഫാക്ടറിയിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് 300 കിലോഗ്രാം മായം ചേർത്ത മസാലക്കൂട്ടുകൾ അധികൃതർ കണ്ടെത്തിയത്.

 

ഹാഥ്റസിലെ നവിനഗർ പ്രദേശത്തുള്ള ഈ ഫാക്ടറിയിൽ നിന്ന് അധികൃതർ മായം കലർത്തിയ മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, ഗരം മസാല എന്നിവയാണ് പിടികൂടിയത്. ഈ പൊടികളിൽ ചേർക്കാനായി കരുതിയിരുന്ന കഴുതച്ചാണകം, വൈക്കോൽ, ആസിഡ്, കടുത്ത നിറങ്ങൾ, എന്നിങ്ങനെ പലയിനം മായക്കൂട്ടുകളും റെയ്ഡിനിടെ അധികൃതർ കണ്ടെത്തി. അതേസമയം 2002 -ൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയ ഹിന്ദു യുവ വാഹിനി എന്ന സംഘടനയുടെ മണ്ഡൽ സഹപ്രഭാരി പദവിയിലുള്ള അനൂപ് വർഷ്നെ ആണ് ഈ ഫാക്ടറിയുടെ ഉടമ എന്ന് പ്രമുഖ ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. ഫാക്ടറിയിൽ നിന്നും ശേഖരിച്ച 27 സാമ്പിളുകൾ പൊലീസ് വിശദമായ പരിശോധനയ്ക്ക് ഹെൽത്ത് ലാബിലേക്ക് അയച്ചിട്ടുണ്ട്. അറസ്റ്റു ചെയ്ത ഫാക്ടറിയുടമയെ റിമാൻഡ് ചെയ്ത് സബ്ജയിലിലേക്ക് മാറ്റി.

Top