ഒരു യഥാര്‍ത്ഥ ദേശസ്‌നേഹിയുടെ മകനായി ജനിച്ചതില്‍ അഭിമാനം കൊള്ളുന്നു: രാഹുല്‍

ന്യൂഡല്‍ഹി: ഒരു യഥാര്‍ത്ഥ ദേശസ്‌നേഹിയുടെ മകനായി ജനിച്ചതില്‍ താന്‍ അഭിമാനം കൊള്ളുന്നുവെന്ന് രാഹുല്‍ ഗാന്ധി. മുന്‍ പ്രധാനമന്ത്രിയും പിതാവുമായ രാജീവ് ഗാന്ധിയുടെ 29-ാം ചരമവാര്‍ഷിക ദിനത്തില്‍ രാഹുലിന്റെ വാക്കുകള്‍. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഈ വാക്കുകള്‍ പങ്കുവെച്ചത്.

‘ഒരു യഥാര്‍ത്ഥ ദേശസ്‌നേഹിയും വിശാലമനസ്‌കനും ദയാലുവുമായ അച്ഛന്റെ മകനായതില്‍ ഞാന്‍ അഭിമാനിക്കുന്നു. പ്രധാനമന്ത്രിയെന്ന നിലയില്‍ രാജീവ് ജി ഇന്ത്യയെ പുരോഗതിയുടെ പാതയിലേക്ക് കൊണ്ടുപോയി. അദ്ദേഹത്തിന്റെ പുരോഗമനചിന്താഗതിയുള്ള കാഴ്ചപ്പാടിലൂടെ രാജ്യത്തെ ശാക്തീകരിക്കാന്‍ അദ്ദേഹം സുപ്രധാന ചുവടുകള്‍ വച്ചു. ഇന്ന്, അദ്ദേഹത്തിന്റെ ചരമവാര്‍ഷികദിനത്തില്‍, ഞാന്‍ അദ്ദേഹത്തെ സ്‌നേഹത്തോടെയും നന്ദിയോടെയും അഭിവാദ്യം ചെയ്യുന്നു’- രാഹുല്‍ ട്വീറ്റ് ചെയ്തു.

1984ല്‍ ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തെ തുടര്‍ന്നാണ് ഇന്ത്യയുടെ പ്രധാനമന്ത്രിയായി രാജീവ് ഗാന്ധി എത്തുന്നത്. തുടര്‍ന്ന് 1991ല്‍ തമിഴ്‌നാട്ടിലെ ശ്രീ പെരുമ്പത്തൂര്‍ ഗ്രാമത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് പിന്തുണയര്‍പ്പിച്ച് സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ പങ്കെടുക്കവേ ചാവേര്‍ ബോംബ് ആക്രമണത്തില്‍ അദ്ദേഹം കൊല്ലപ്പെടുകയായിരുന്നു.

Top